പി.എസ്. പ്രശാന്ത് സിപിഎമ്മിൽ: നാടകീയ പ്രഖ്യാപനം എകെജി സെന്ററിൽ

September 3, 2021
254
Views

തിരുവനന്തപുരം: കോൺഗ്രസ് വിട്ട പി.എസ്. പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചത്.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പാർട്ടി എന്ന നിലയിലാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാർഥതയോടുകൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് പാർട്ടിക്കുള്ളിൽ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാൽ ബിജെപി ഏജന്റാണെന്നും കോൺഗ്രസിനെ തകർക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു.

പ്രശാന്തിന്റെ പ്രതികരണങ്ങളെ തുടർന്ന് അദ്ദേഹത്തെ പാർട്ടി നേതൃത്വം പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. തെറ്റു തിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *