ജി.എസ്.എല്‍.വി എഫ് 10 ദൗത്യം പരാജയപ്പെട്ടതിന് ശേഷം ഐ.എസ്.ആര്‍.ഒ ആദ്യ വിക്ഷേപണത്തിനൊരുങ്ങുന്നു. പി.എസ്.എല്‍.വി സി 52 വിക്ഷേപണം ഫെബ്രുവരി 14ന് രാവിലെ 5.59ന് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരിക്കും വിക്ഷേപണം.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം. രണ്ട് ചെറു ഉപഗ്രഹങ്ങളെയും പി.എസ്.എല്‍.വി സി 52 ബഹിരാകാശത്തെത്തിക്കും.
റഡാര്‍ ഇമേജിംഗ് ഉപഗ്രഹമാണ് ഇ.ഒ.എസ് 04. ഏത് കാലാവസ്ഥയിലും മിഴിവേറിയ ചിത്രങ്ങളെടുക്കാന്‍ ഇതിന് കഴിയും. കാര്‍ഷിക ഗവേഷണം, പ്രളയ സാധ്യത പഠനം, മണ്ണിനെക്കുറിച്ചുള്ള പഠനം എന്നിവയില്‍ ഉപഗ്രഹം നല്‍കുന്ന വിവരങ്ങള്‍ പ്രയോജനകരമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിക്കുന്നത്.
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളും കൊളറാഡോ സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഇന്‍സ്പയര്‍ സാറ്റ് 1, ഇന്ത്യന്‍ ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐ.എന്‍.എസ് 2 ടി.ഡി എന്നിവയാണ് മറ്റ് രണ്ട് ചെറു ഉപഗ്രഹങ്ങള്‍.