ന്യൂ ഡെൽഹി: പഞ്ചാബിലെ കർഷക പ്രക്ഷോഭകർ റോഡ് തടഞ്ഞതിനെ തുടർന്ന് യാത്ര തടസപ്പെട്ട് പ്രധാനമന്ത്രിക്ക് മടങ്ങിപ്പോകേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിഷേധം നയിച്ച കർഷക നേതാവ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി കടന്നുപോകുന്നതിനാൽ റോഡ് ഒഴിയണമെന്ന് അവസാന നിമിഷം പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് സുർജീത്ത് സിങ് ഫൂൽ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
‘പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് കുറഞ്ഞത് 10 കിലോമീറ്ററോളം അകലെയായിരുന്നു ഞങ്ങൾ. പ്രധാനമന്ത്രി റോഡ് മാർഗമാണ് വരുന്നതെന്ന് അറിയില്ലായിരുന്നു. മേൽപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് പിന്നീട് ഗ്രാമവാസികളാണ് ഞങ്ങളോട് പറഞ്ഞത്’, സുർജീത്ത് സിങ് ഫൂൽ പറഞ്ഞു.
വായു മാർഗം നിശ്ചയിച്ചിരുന്ന യാത്ര അവസാന നിമിഷം റോഡ് മാർഗമാക്കി മാറ്റിയത് സംശയാസ്പദമാണ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയാനുള്ള യാതൊരു പദ്ധതിയും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഉള്ളിലാണ് പ്രധാനമന്ത്രി റോഡ് മാർഗം വരുന്നുവെന്ന് പറഞ്ഞ് ഞങ്ങളോട് റോഡിൽ നിന്ന് മാറാൻ പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് തങ്ങൾ വിശ്വസിച്ചില്ല, അവർ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും കർഷക നേതാവ് വ്യക്തമാക്കി.
സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകൾക്ക് മുമ്പുതന്നെ റോഡിലെ തടസങ്ങൾ ഒഴിവാക്കുകയാണ് പതിവ്. പ്രധാനമന്ത്രിയുടെ യാത്ര പദ്ധതികൾ ഇത്ര പെട്ടെന്ന് മാറ്റാറില്ലെന്നും സുർജീത്ത് സിങ് പറഞ്ഞു.
ഭട്ടിൻഡയിൽനിന്ന് ഫിറോസ്പുരിലേക്ക് റോഡ് മാർഗമുള്ള യാത്രയ്ക്കിടെ ഇരുനൂറോളം കർഷകസമരക്കാർ വഴി തടഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 20 മിനിറ്റോളമാണ് മോദിയുടെ വാഹനവ്യൂഹം ഫിറോസ്പുർ-മോഗ്ര റോഡിലെ മേൽപ്പാലത്തിൽ കുടുങ്ങിയിരുന്നത്. ഇതോടെ യാത്രയും ഫിറോസ്പുരിലെ റാലിയും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഉന്നതതല സംഘത്തേയും പഞ്ചാബ് സർക്കാർ നിയോഗിച്ചിട്ടുണ്ട്.