കാസർകോട്: ഉപ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു. ഉപ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് ബലമായി മുടി മുറിച്ചുമാറ്റി പ്ലസ് ടു വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയിൽവെച്ചാണ് റാഗിങ് നടന്നത്. ഒരുസംഘം പ്ലസ്ടു വിദ്യാർഥികൾ ബലമായി പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാർ സംഭവമറിയുന്നത്.
അതേസമയം, റാഗിങ് നടന്നത് സ്കൂൾ കോമ്പൗണ്ടിനകത്തല്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. സംഭവത്തിൽ കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നതനുസരിച്ച് പോലീസിൽ വിവരമറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ദൃശ്യങ്ങളിലുള്ള പ്ലസ് ടു വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ വെള്ളിയാഴ്ച ക്ലാസിൽവന്നിട്ടില്ല. ഇവരുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ നടപടിയുണ്ടാകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
അതിനിടെ, ഉപ്പളയ്ക്ക് സമീപത്തെ ബേക്കൂർ സ്കൂളിലും സമാനരീതിയിൽ റാഗിങ് നടന്നതായി നാട്ടുകാർ ആരോപിച്ചു. ബേക്കൂർ സ്കൂളിൽ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചെരിപ്പുകൾ കൈയിൽ തൂക്കി നടത്തിക്കുകയും നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ പല സ്കൂളുകളിലും ഇത്തരത്തിലുള്ള റാഗിങ്ങ് കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.