ന്യൂ ഡെൽഹി: രാജ്യത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നതിന്റെ തെളിവാണ് മണിപ്പൂര്‍ ആക്രമണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ അനുശോചനമറിയിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ എന്നിവരടക്കമാണ് കൊല്ലപ്പെട്ടത്.
ഏറെ കാലത്തിന് ശേഷമാണ് മണിപ്പൂരില്‍ സൈനികര്‍ക്കുനേരെ ഭീകരാക്രമണം നടക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ജയറാം രമേശ് എന്നിവരും ആക്രമണത്തെ അപലപിച്ചു. തീവ്രവാദ സംഘടനയായ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക് എന്ന ഭീകരവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
രാജ്യത്തെ ഞെട്ടിച്ച് മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയുണ്ടായ ഭീകരാക്രമണത്തിലാണ് അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാന്‍മാരും അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടത്.
അസം റൈഫിള്‍സ് 46-ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ ഇവരുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് ഒളിഞ്ഞിരുന്ന ഭീകരര്‍ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സെഹ്കന്‍ എന്ന ഗ്രാമത്തോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. വന്‍ ആയുധശേഖരത്തോട് കൂടിയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.