ബാറ്റുമായി ക്രീസിലെത്തിയാല്‍ റെക്കോര്‍ഡ്.
ബംഗളൂരു: ബാറ്റുമായി ക്രീസിലെത്തിയാല്‍ റെക്കോര്‍ഡ്. വിരാട് കോഹ്ലി ഇത്തവണയും പതിവ് തെറ്റിച്ചില്ല. റെക്കോര്‍ഡ് നേട്ടത്തില്‍ ഒരിക്കല്‍ കൂടി ഇതിഹാസ താരം സച്ചിന്റെ ടെണ്ടുല്‍ക്കര്‍ക്കൊപ്പം കോഹ്ലി എത്തി.
ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ കോഹ്ലി 51 റണ്‍സെടുത്തു പുറത്തായി. പിന്നാലെയാണ് നേട്ടം.
ഈ ലോകകപ്പില്‍ കത്തുന്ന ഫോമിലാണ് കോഹ്ലി ഒന്‍പത് ഇന്നിങ്സുകള്‍ കളിച്ച് താരം അര്‍ധ സെഞ്ച്വറിയോ അതിനു മുകളിലോ ഏഴ് തവണ നേടിക്കഴിഞ്ഞു. ഇതോടെ ഒരു ലോകകപ്പില്‍ 50, 50ന് മുകളില്‍ സ്കോറുകള്‍ ഏറ്റവും കൂടുതല്‍ നേടുന്ന താരമെന്ന സച്ചിന് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് സൂപ്പര്‍ താരം എത്തിയത്. 2003ലെ ലോകകപ്പിലാണ് സച്ചിന് ഏഴ് അര്‍ധ സെഞ്ച്വറി, അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ സ്കോറുകള്‍ നേടിയത്. ഏകദിനത്തില്‍ കോഹ്ലി നേടുന്ന 71ാം അര്‍ധ സെഞ്ച്വറിയാണിത്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് നിലവില്‍ സച്ചിന്റെ പേരിലാണ്. ഈ റെക്കോര്‍ഡ് മറികടക്കാനും കോഹ്ലിക്ക് അവസരം തെളിഞ്ഞു. ഈ ലോകകപ്പില്‍ കോഹ്ലി ഇതുവരെയായി 594 റണ്‍സുകള്‍ നേടിക്കഴിഞ്ഞു. 2003ല്‍ സച്ചിന് ഒറ്റ എഡിഷനില്‍ 673 റണ്‍സ് നേടി. 2007ല്‍ മാത്യു ഹെയ്ഡന് 659 റണ്‍സും നേടി. സച്ചിന്, ഹെയ്ഡന് എന്നിവര്‍ 11 ഇന്നിങ്സുകള്‍ കൡച്ചു.
2019ല്‍ രോഹിത് ശര്‍മ 648 റണ്‍സ് നേടി. രോഹിത് കഴിഞ്ഞ ലോകകപ്പില്‍ 9 ഇന്നിങ്സുകള്‍ കളിച്ചാണ് ഇത്രയും റണ്‍സ് അടിച്ചത്. 2019ല്‍ ഡേവിഡ് വാര്‍ണര്‍ (647 റണ്‍സ്. പത്ത് ഇന്നിങ്സ്), ഷാകിബ് അല്‍ ഹസന് (606 റണ്‍സ്. 8 ഇന്നിങ്സ്) എന്നിവര്‍ 600 പിന്നിട്ടു.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തും കോഹ്ലിയാണ്. രണ്ടാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്കും. ഇരുവരും തമ്മിലെ വ്യത്യാസം 3 റണ്‍സ്. കോക്കിനു 591 റണ്‍സ്.
ഈ റെക്കോര്‍ഡ് ആരു നേടുമെന്ന കൗതുകവും നിലനില്ക്കുന്നു. പട്ടികയിലെ ആദ്യ എട്ട് സ്ഥാനക്കാരും സെമി പോരാട്ടത്തിലേക്ക് യോഗ്യത നേടിയ ടീമിലെ താരങ്ങളാണ്. രചിന് രവീന്ദ്ര, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് പട്ടികയില്‍ 500 പിന്നിട്ട മറ്റു താരങ്ങള്‍. ഇരുവരും മൂന്നും നാലും സ്ഥാനങ്ങളില്‍. രചിന് 565 റണ്‍സും രോഹിത് 503 റണ്‍സും നേടി.
499 റണ്‍സുമായി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ അഞ്ചാമത്. 442 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ റസ്സി വാന്‍ ഡെര്‍ ഡുസന് ആറാമതും 426 റണ്‍സുമായി ഓസീസിന്റെ മിച്ചല്‍ മാര്‍ഷ് ഏഴാമതും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ 418 റണ്‍സുമായി എട്ടാം സ്ഥാനത്തും നില്ക്കുന്നു.