രേഷ്മയുടെ ഫേസ്ബുക്ക് കാമുകനായത് ബന്ധുക്കളായ യുവതികള്‍, പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

July 3, 2021
232
Views

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസില്‍ ഒടുവില്‍ നടന്നതെന്തെന്ന് കണ്ടെത്തി പൊലീസ്. മരിച്ച കുഞ്ഞിന്റെ അമ്മ രേഷ്മയെ കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്ത് കബളിപ്പിച്ചത് അടുത്തിടെ ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കള്‍ തന്നെ. ഗ്രീഷ്മ, ആര്യ എന്നീ യുവതികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. രേഷ്മ പൊലീസിനോട് പറഞ്ഞ അനന്തു എന്ന ഫേസ്ബുക്ക് കാമുകന്‍ യഥാര്‍ത്ഥത്തില്‍ ഇവരായിരുന്നു. അനന്തു എന്ന പേരില്‍ അക്കൗണ്ട് തുടങ്ങുകയും രേഷ്മയുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.

രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്താണ് ഇപ്പോള്‍ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ഈ രണ്ടു യുവതികളാണെന്ന നേരത്തെ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗ്രീഷ്മയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ഇരുവരും ആത്മഹത്യ ചെയ്തതാണ് ഈ സംശയത്തിന് കാരണമായത്.

കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത യുവതിയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.

ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു.

ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പൊലീസിന് നല്‍കിയ മൊഴി. രേഷ്മ പറയുന്നത് പ്രകാരം അനന്തുവിനെ കാണാന്‍ വേണ്ടി പല സ്ഥലങ്ങളിലും യുവതി എത്തിയിരുന്നു. എന്നാല്‍ ഇയാളെ കാണാനായില്ല. ഒരിക്കല്‍ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. ഒരു ഫേസ്ബുക്ക് ഐഡി മാത്രം വെച്ച് എങ്ങനെ ഇയാളെ കണ്ടെത്താനാവാതെ കുഴങ്ങുകയായിരുന്നു പൊലീസ്.

വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും രേഷ്മ മറച്ചു വെക്കുകയായിരുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.

പത്ത് മാസം ഗര്‍ഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളില്‍ നിന്നും എങ്ങനെ മറച്ചുവെക്കാനായെന്നതാണ് പൊലീസ് ഉന്നയിച്ച സംശയം. ഭര്‍ത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ വീട്ടു പറമ്പില്‍ നിന്നായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് മരിക്കുകയും ചെയ്തു.

കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയില്ലെന്നായിരുന്നു രേഷ്മയും പിതാവ് സുദര്‍ശനന്‍ പിള്ളയും കുടുംബവും നേരത്തെ പറഞ്ഞത്. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഭാവവെത്യാസമില്ലാതെ രേഷ്മ പെരുമാറി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ് കുഞ്ഞ് രേഷ്മയുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *