കൊല്ലം: കല്ലുവാതുക്കൽ ഊഴായിക്കോട്ട് കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. ആത്മഹത്യ ചെയ്ത ഗ്രീഷ്മയാണ് അനന്തു എന്ന വ്യാജ പേരിൽ രേഷ്മയുമായി ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തിരുന്നത്. ഈ വിവരം പൊലീസിന് നൽകിയ യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. കൂടുതൽ അന്വേഷണങ്ങൾക്കായി കുട്ടിയുടെ അമ്മ രേഷ്മയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
വിവരം നൽകിയ പരവൂർ സ്വദേശിയായ യുവാവിന്റെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി കോടതിയെ സമിപിക്കും. ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് യുവാവ്. സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഗ്രീഷ്മക്ക് കൂടുതൽ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. ഗ്രീഷ്മ അനന്തു എന്നപേരിൽ വ്യാജ ഫേസ്ബുക്ക് ചാറ്റ് നടത്തിയ വിവരം രേഷ്മയുടെ ഭർത്താവിന്റെ അമ്മ അറിയുന്നത് വൈകിയാണന്നാണ് പൊലീസ് കണ്ടെത്തൽ. രേഷമക്ക് നേരത്തെ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു എന്ന വിവരം ഭർത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കുട്ടിയെ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി ഊഴായിക്കോട് സ്വദേശികളായ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൊറോണ രോഗം ബാധിച്ച് ചികിത്സയിലുള്ള രേഷ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഊഴായിക്കോട് എത്തിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കും നിലവിൽ കേസ് അന്വേഷിക്കുന്ന ചാത്തന്നൂർ എസിപി സ്ഥലം മാറിപോയ സാഹചര്യത്തിൽ പുതിയ സംഘമായിരിക്കും അന്വേഷിക്കുക.