വ്ലോഗർ റിഫയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഭർത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണ സംഘത്തിൻ്റെ നിർദേശം. പത്ത് ദിവസമായി മെഹ്നാസിനെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം അറിയിച്ചു. മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ആണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് ലഭിച്ചേക്കും.
നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാൻ ആയിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിൽ ആണെന്നാണ് വീട്ടുകാർ നൽകിയ വിവരം
റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
മാർച്ച് 1നാണ് വ്ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.