റിയാസ് മൗലവി വധം: കാസര്‍കോട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതതല പൊലീസ് യോഗം

April 2, 2024
38
Views

കാസർകോട്: റിയാസ് മൗലവി വധത്തില്‍ കോടതിവിധിക്കു പിന്നാലെ കാസർകോട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണു യോഗം നടക്കുന്നത്.

ജില്ലയിലെ ക്രമസമാധാനനില വിലയിരുത്താനാണ് യോഗം. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, ഡിവൈ.എസ്.പിമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെയും കോടതി വെറുതെവിട്ടത്. അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാൻ കാരണമെന്നാണ് പൊതുവെ വിമർശനമുയരുന്നുണ്ട്. ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളുടെ മുസ്ലിം വിരോധംമൂലം റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.

കേസില്‍ ഗൂഢാലോചനയില്ലെന്ന നിലപാടാണ് പൊലീസ് തുടക്കം മുതല്‍ സ്വീകരിച്ചത്. തൊണ്ടിമുതലുകളായ കത്തി, മുണ്ട്, ഷർട്ട് എന്നിവയെ പ്രതിയുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമുള്ള കണ്ടെത്തലുകളും അന്വേഷണത്തിലെ വീഴ്ചയാണു വ്യക്തമാക്കുന്നതെന്ന് ആക്ഷേപണുമുയർന്നിട്ടുണ്ട്.

അതേസമയം കേസില്‍ സർക്കാരിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പ്രതികള്‍ ഏഴുവർഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടന്നത് പൊലീസിന്റെ അന്വേഷണ മികവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ സംഘവും പ്രോസിക്യൂഷനും സുതാര്യവും സത്യസന്ധവുമായ നിലപാടാണ് സ്വീകരിച്ചത്. പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *