ഓൾ ഇന്ത്യാ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

May 10, 2024
54
Views

മലപ്പുറം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നൽകുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാൾക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് പിടിച്ചെടുത്തതിൽ നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്

ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റിൽ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന മുഖ്യസൂത്രധാരനായ പെരിയപ്പട്ടണ താലൂക്കിലെ ഹരാഹനഹള്ളി സ്വദേശി അബ്ദുൾ റോഷൻ (46)യാണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയത്ത് ഷെയർമാർക്കറ്റ് സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത്, ഈ സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന വാട്സാപ്പിൽ ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക്ചർ വെച്ച് ട്രേഡിംഗ് വിശദാംശങ്ങൾ നൽകിയിരുന്നു. അതിനായി വമ്പൻ ഓഫറുകൾ നൽകി പരാതിക്കാരനെ കൊണ്ട് നിർബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു. ലാഭവിഹിതം നൽകാതെ പരാതിക്കാരാനെ കബളിപ്പച്ച് പണം തട്ടിയതാണ് കേസ്.
നൂതന സൈബർ ടെക്നോളജി ഉപയോഗിച്ച് സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാർഡുകൾ സംഘടിപ്പിച്ച് നൽകുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തിൽ സംഘം കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടിൽ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി കർണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്ററഡിയിലെടുക്കുകയായിരുന്നു. പരിശോധന നടത്തിയ സമയം വിവിധ മൊബൈൽ കമ്പനികളുടെ നാപ്പതിനായിരത്തോളം സിംകാർഡുകളും 180 തിൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്നും കണ്ടെടുത്തു.

പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിയുടേതാണ്. തന്റെ പേരിൽ ഇത്തരത്തിലുള്ള ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം യുവതിക്ക് അറിയില്ല.. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാർഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ ആക്ടീവാക്കിയ 40000ത്തിൽ പരം സിംകാർഡുകൾ പ്രതി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം. വൻ തോതിൽ സിം ആക്ടീവായ കാര്യത്തെ സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തു. ഏതെങ്കിലും കസ്റ്റമർ സിം കാർഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയിൽ ഷോപ്പിൽ എത്തുന്ന സമയം കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ആക്ടീവ് ആകുന്ന സിം കാർഡുകൾ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാർഡിന് 50 രൂപ കൊടുത്തു വിൽക്കും. ഇതിനായി പ്രതി കള്ളപ്പേരിൽ വിവിധ മൊബൈൽ കമ്പനികളുടെ POS ആപ്ളിക്കേഷനുകൾ വിവിധ ആളുകളുടെ പേരിൽ കരസ്ഥമാക്കി. കൂടാതെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും കൊറിയർ മുഖാന്തിരവും പ്രതി സിംകാർഡ് കരസ്ഥമാക്കുന്നുണ്ട്, സിം കാർഡുകൾ ആക്ടൂിവായതിന് ശേഷം പ്രതി തട്ടിപ്പുകാർക് ആവശ്യാനുസരണം സിം കാർഡ് ഒന്നിന് 50 രൂപ നിരക്കിൽ SIM കാർഡ് കൈമാറ്റം ചെയ്യുന്നു. കൂടാതെ Whatsapp, Facebook, Instagram, Telegram, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കും Flipkart, IRCTC, Amzon എന്നീ വാണ്യജ്യ പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകൾ തുറക്കുന്നതിന് OTP കൾ തട്ടിപ്പുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നതാണ് പ്രതി അവലംബിക്കുന്ന രീതി.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം സൈബർ നോഡൽ ഓഫിസറായ DCRB DYSP ഷാജു. വി എസ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ.ഐ.സി, പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പോലീസിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ദരും ചേർന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾക്ക് ഇത്തരം സിംകാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് സൈബർ ഇൻസ്പെക്ടർ അറിയിച്ചു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *