എം എം മണി വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എസ് രാജേന്ദ്രൻ സിപിഐഎം നേതൃത്വത്തിന് നൽകിയ പരാതിക്കത്തില്‍ തന്നെ മുൻമന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും, വീട്ടിലിരിക്കാൻ പറഞ്ഞെന്നും മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ കത്തിൽ ആരോപിക്കുന്നുണ്ട്.
പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ പറയുന്നു. സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണുയർന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും തന്നെ മാറ്റിയെന്നും കത്തിൽ പരാമർശിച്ചു. മുൻ മന്ത്രി എം എം മണിയും അപമാനിച്ചു. എംഎൽഎ ഓഫീസിൽ വച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ എം എം മണി തന്നോട് പറഞ്ഞത് കുടുംബം നോക്കി വീട്ടിലിരിക്കാനാണ്. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സഹായിച്ചാൽ തന്‍റെ സ്വഭാവം മാറുമെന്നും എം എം മണി പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് എസ് രാജേന്ദ്രൻ കത്തിൽ പറയുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചതാണ്. കെ വി ശശിയാണ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്. യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ വി ശശി തന്നെ അപമാനിച്ചെന്നും കത്തിൽ പറയുന്നു.
എസ് രാജേന്ദ്രൻ കുറച്ചുകാലമായി പാർട്ടിയുമായി പിണക്കത്തിലാണ്. രാജേന്ദ്രനെതിരായ നടപടി ജില്ലാ സമ്മേളനത്തിലുണ്ടാവില്ലെന്നും, സംസ്ഥാനസെക്രട്ടേറിയറ്റ് എല്ലാം തീരുമാനിക്കുമെന്നുമാണ് ഇന്നലെ കോടിയേരി വ്യക്തമാക്കിയത്.