സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് (Salim Ahmad Ghouse/ 70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചാണ് മരണം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ചിത്രങ്ങളിലും പ്രശസ്ത ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
എംടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്‍ത് 1990ല്‍ പുറത്തിറങ്ങിയ താഴ്വാരത്തിലൂടെയാണ് മലയാളികള്‍ സലിം ഘൗസിലെ പരിചയപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ രാഘവന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു.
ചെന്നൈയില്‍ ജനിച്ച സലിം ഘൗസ് ക്രൈസ്റ്റ്ചര്‍ച്ച് സ്കൂളിലും പ്രസിഡന്‍സ് കോളെജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദവും നേടി. 1978ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം സ്വര്‍ഗ് നരകിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയില്‍ ദ്രോഹി, കൊയ്ലാ, സോള്‍ജ്യര്‍, അക്സ്, ഇന്ത്യന്‍, തമിഴില്‍ വെട്രി വിഴാ, ചിന്ന ഗൌണ്ടര്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ താഴ്വാരത്തിനു പുറമെ ഉടയോന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഹിന്ദിയില്‍ സിനിമകളേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത് ടെലിവിഷന്‍ പരമ്പരകളാണ്. യേ ജോ ഹെ സിന്ദഗി, സുബാ, എക്സ് സോണ്‍, സംവിധാന്‍, കൂടാതെ ശ്യാം ബെനഗലിന്‍റെ ഭാരത് ഏക് ഖോജ് എന്ന ടെലിവിഷന്‍ പരമ്പരയും ഇക്കൂട്ടത്തില്‍ പെടും. ഭാരത് ഏക് ഖോജ് പരമ്പരയില്‍ രാമനെയും കൃഷ്ണനെയും ടിപ്പു സുല്‍ത്താനെയുമൊക്കെ അദ്ദേഹം അവതരിപ്പിച്ചു. ഹോളിവുഡ് ചിത്രം ദ് ലയണ്‍ കിംഗില്‍ സ്കാര്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു.