തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത എസ് നായരുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാത്തതിനെതിരെ കോടതി.
വലിയതുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസിലെ ഒന്നാം പ്രതിയായ സരിതക്കെതിരെ രണ്ടു തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കോടതി ഉത്തരവുകൾ വലിയതുറ പോലീസ് നടപ്പാക്കിയില്ല. നടപ്പാക്കാതിരുന്നതിന്റെ കാരണം കോടതിയിൽ ബോധിപ്പിച്ചതുമില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാക്കുന്ന ഇത്തരം വീഴ്‌ചകൾ അനുവദിച്ചു കൊടുക്കാൻ കഴിയില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിവീജ രവീന്ദ്രന്റേതാണ് ഉത്തരവ്.
ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2009 ലാണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 450000 (നാലര ലക്ഷം) രൂപ തട്ടിച്ചുവെന്നാണ് കേസ്. 2010 ലാണ് വലിയതുറ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.