കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ വത്സൻ തില്ലങ്കേരിയെന്ന് എസ് ഡി പി ഐ. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സൻ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് പി കെ ഉസ്മാൻ ആരോപിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി ആലപ്പുഴയിൽ വെട്ടേറ്റ് മരിച്ചത് രണ്ട് നേതാക്കളാണ്. എസ് ഡി പി ഐയുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് എസ് ഡി പി ഐ ആരോപിക്കുന്നത്.
അതേസമയം ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മൂന്ന് ബി ജെ പി നേതാക്കളെയാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങളെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത് വർഗീയ കലാപമുണ്ടാക്കാനാണ്. പിഎഫ്ഐ പിന്തുടരുന്നത് താലിബാൻ മാതൃകയാണ് അതിന് സഹായിക്കുന്നത് പൊലീസും സി പി ഐ എമ്മുമാണെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്നാണ് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വ്യക്തമാക്കിയത് . ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിലായതായി ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.