രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്യും

July 7, 2021
125
Views

ന്യൂഡെൽഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ഇന്ന് വൈകുന്നേരം ആറിന് നടക്കും. 43 പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാവും. സീനിയര്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പുനഃസംഘടനയില്‍ പുറത്താവും എന്നാണ് സൂചന. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിശാങ്ക്, വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി എന്നിവര്‍ പുനഃസംഘടനയ്ക്കു മുമ്പായി രാജിവച്ചു.

ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, രാസവളം മന്ത്രി സദാനന്ദ ഗൗഡ, ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും കാബിനറ്റ് മന്ത്രിമാരാവും.

ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനു കാബിനറ്റ് പദവി നല്‍കുമെന്ന് സൂചനകളുണ്ട്. താക്കൂര്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജി കിഷന്‍ റെഡ്ഡിക്കും സ്ഥാനക്കയറ്റം ലഭിക്കും. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കര്‍ണാടകയില്‍നിന്നുള്ള ശോഭാ കരന്തലജെ എന്നിവരും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയതോടെ അവര്‍ മന്ത്രിയാവുമെന്ന് വ്യക്തമായിട്ടുണ്ട്.

അപ്‌നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, കപില്‍ പാട്ടീല്‍, അജയ് ഭട്ട്, ഭൂപേന്ദര്‍ യാദവ്, പ്രീതം മുണ്ടെ, പരുപതി പരസ്, സുനിത ദുഗ്ഗല്‍, അശ്വിനി യാദവ്, ബിഎല്‍ വര്‍മ, ശന്തനു താക്കൂര്‍ എന്നിവരും പ്രധാനമന്ത്രിയെ കാണാനെത്തി. ജെഡിയുവില്‍നിന്ന് ആര്‍പി സിങ്, ലാലന്‍ സിങ് എന്നിവര്‍ മന്ത്രിമാരാവും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *