ക്യാൻസറിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച നടിയായിരുന്നു ശരണ്യ മോഹൻ. നിരന്തരമായ രോഗബാധകളുണ്ടായിട്ടും തളരാതെ പുഞ്ചിരിയോടെ പിടിച്ചുനിന്നവൾ. എല്ലാവർക്കും മാതൃകയായി മാറിയിരുന്നു ശരണ്യ മോഹന്റെ ജീവിതം. വീണ്ടും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ശരണ്യ മോഹൻ ഇപോഴും ഐസിയുവിലാണെന്ന് സുഹൃത്തും നടിയുമായ സീമ ജി നായർ പറയുന്നു.
ശരണ്യയുടെ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ഫോൺ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. എന്നും വീഡിയോയുമായി വന്നാലും ആളുകൾ വിചാരിക്കും. ഇതുമാത്രമേ ഉള്ളൂവെന്ന്. അങ്ങനെ വിമർശിക്കുന്നുവരുണ്ട്. അതുകൊണ്ടാണ് വീഡിയോ ചെയ്യാതിരുന്നത്. ഇപോൾ കുറച്ചു കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ടെന്നും സീമ ജി നായർ പറയുന്നു.
കഴിഞ്ഞ മാസം 23ന് ആണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ശരണ്യയെ അഡ്‍മിറ്റ് ചെയ്‍തത്.ഗുരുതരമായിരുന്നു. കൊവിഡും ബാധിച്ച ശരൺ 10ന് ആണ് നെഗറ്റീവായത്. നെഗറ്റീവായെങ്കിലും പനി വന്നതോടെ വീണ്ടും വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥ കൂടിയായി . അങ്ങനെ ട്രെക്യോസ്റ്റമി ചെയ്‍തു. ഇപ്പോൾ തൊണ്ടയിൽ കൂടിയാണ് ഓക്സിജൻ നൽകുന്നത്. ഇതിൻറെയിടയിൽ ന്യുമോണിയയും വന്നു. അത് വളരെ സീരിയസായി.
ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാൻ കഴിയാതെയായി. ന്യുമോണിയ വന്നു, കോവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്‍തു, വെന്റിലേറ്റർ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോൾ ബെഡ് സോർ വന്നു തുടങ്ങി. ഇത് വന്ന് കഴിഞ്ഞാൽ ഉറപ്പായും ഇൻഫെക്‌ഷൻ വരും. രക്തത്തിൽ ഇൻഫെക്‌ഷൻ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല.
അവൾക്കു വേണ്ടി ഡോക്ടേർസും പരിശ്രമിക്കുന്നു.
എത്ര അസുഖങ്ങൾ വന്നിട്ടും കോവിഡിന് ശേഷവും ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് ശരണ്യ. അതും അദ്ഭുതമാണ്. ഇപ്പോൾ ഐസിയുവിലാണ് ശരണ്യ. ഇനിയെല്ലാം ഒരു ചോദ്യചിഹ്നമാണ്, എങ്ങനെ മുന്നോട്ടെന്ന് അറിയില്ല. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങൾ ഇനിയും അറിയിക്കുന്നതായിരിക്കും. എല്ലാവരും പ്രാർത്ഥിക്കുക പിന്തുണക്കുകയെന്നും സീമ ജി നായർ പറയുന്നു.