കോഴിക്കോട്: മോഡലുമായ ഷഹനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തിൽ പരാതിയുമായി കാസർകോട് ചെറുവത്തൂരിൽനിന്ന് ബന്ധുക്കൾ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഭർത്താവ് പറമ്പിൽ ബസാർ സ്വദേശിയായ സജാദിൽനിന്ന് വധഭീഷണിയുള്ള വിവരം പെൺകുട്ടി മാതാപിതാക്കളെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് ഇവർ ആരോപിക്കുന്നത്.
സ്വയം മരിക്കേണ്ട അവസ്ഥ അവൾക്ക് വന്നിട്ടില്ല. മോഡലിങ്ങും ജ്വല്ലറി പരസ്യങ്ങളുമായി പ്രവർത്തിക്കുകയായിരുന്നു അവൾ. ഭർത്താവ് സജാദിനും ഷഹനയ്ക്കുമിടയിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങൾക്കുമുൻപ് പെൺകുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭർത്താവും കൂട്ടാളികളും തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. ഇതിനാൽ ഉടൻതന്നെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു-ഒരു ബന്ധു മീഡിയവണിനോട് വെളിപ്പെടുത്തി.
ബന്ധപ്പെടാൻ നോക്കുമ്പോൾ സജാദിന്റെ ഭീഷണി കാരണം ഫോൺ എടുക്കാറില്ല. വിളിക്കാൻ സജാദ് കൊടുക്കാറുമില്ല. ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു. ഒന്നരവർഷമായി പെൺകുട്ടിക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും തടവറയിൽ ഇട്ടപോലെയായിരുന്നു ഷഹനയുടെ അവസ്ഥയെന്നും ബന്ധു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 11-ാം തിയതി വിളിച്ച് ഷഹന വിവരങ്ങൾ പറഞ്ഞിരുന്നതായി സഹോദരൻ പറഞ്ഞു. വീട്ടിൽ വരണമെന്നുണ്ടെന്നും എന്നാൽ അതിനു സാധിക്കുന്നില്ലെന്നും പറഞ്ഞു. തുടർന്ന് തിരിച്ചുവിളിക്കുമ്പോൾ സജാദ് കൂടെയുള്ളപ്പോൾ ഫോണെടുക്കില്ല. ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് വിളിച്ചു വിവരങ്ങൾ പറഞ്ഞത്. അഡ്രസ് ചോദിച്ചപ്പോൾ സജാദിനോട് ചോദിക്കാനാണ് പറഞ്ഞത്. എന്നാൽ, സജാദിനെ ബന്ധപ്പെടാനുമായിരുന്നില്ലെന്നും സഹോദരൻ പറയുന്നു.
”പലപ്പോഴും പ്രശ്നമുള്ള സമയത്തെല്ലാം സജാദിന്റെ മാതാവിനെയും പിതാവിനെയും ബന്ധപ്പെട്ടിരുന്നു. ആ സമയത്തെല്ലാം ഒരു പ്രശ്നവുമില്ലെന്നാണ് ഇവർ പറഞ്ഞത്. രണ്ടുപേരും നല്ല നിലയിലാണ്, പലപ്പോഴുമുണ്ടാകുന്ന പ്രശ്നമാണ്, അത് ശരിയാകുമെന്നെല്ലാം പറഞ്ഞിരുന്നു.”
നാട്ടുകാർ വന്നപ്പോൾ ആളുകൾ മൃതദേഹം സജാദിന്റെ കൈയിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും സഹോദരൻ ആരോപിക്കുന്നു. ജനൽ കമ്പിയിൽ തൂങ്ങിമരിച്ചെന്നാണ് പറയുന്നത്. അത് ഒരിക്കലും സാധ്യമല്ല. അത്രയും ബോള്ഡായ ആളാണ് അവൾ. ഇങ്ങനെ ചെയ്യില്ല. പൊലീസും ഇതു സാധാരണ മരണമായി കാണുന്നില്ലെന്നും സഹോദരൻ ചൂണ്ടിക്കാട്ടി.
നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മോഡലിങ് രംഗത്ത് സജീവമായ ഷഹന. ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിരുന്നു. ഒരു തമിഴ് ചിത്രത്തിലും ചെറിയ വേഷത്തിൽ എത്തിയിട്ടുണ്ട്.