ന്യൂഡെൽഹി: അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും തണുത്ത് വിറക്കുകയാണ് ഉത്തരേന്ത്യ. എന്നിട്ടും ഈ കൊടും ശൈത്യത്തിലും അതിർത്തികളിൽ തങ്ങളുടെ ചുമതലകളിൽ തിരക്കിലാണ് ഇന്ത്യൻ സൈനികർ. മരവിച്ച് പോകുന്ന തണുപ്പിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ജോലി ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങൾക്ക് മുന്നിൽ ആദരം അർപ്പിക്കുകയാണ് ഇന്ത്യൻ ജനത.
പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻ ഓഫീസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു സൈനികന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിർത്തിയിൽ മഞ്ഞ് കോരിച്ചൊരിയുമ്പോഴും അതൊന്നും ബാധിക്കാതെ ജാഗ്രതയോടെ സുരക്ഷ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സൈനികനാണ് ദൃശ്യങ്ങളിലുള്ളത്. അദ്ദേഹത്തിന്റെ കാലുകൾ മഞ്ഞിൽ പൂണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം.
മറ്റൊരു വീഡിയോയിൽ മഞ്ഞ് മൂടിയ ഒരു പർവതത്തിൽ പട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികരെയും കാണാം. കാല് പൂണ്ട് പോകുന്ന മഞ്ഞിലൂടെ നടന്ന് സുരക്ഷ പരിശോധനകൾ നടത്തുകയാണ് സൈനികർ. ‘പാർക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി ഇത് താരതമ്യം ചെയ്തു നോക്കു’ എന്നാണ് വീഡിയോയ്ക്കുള്ള അടിക്കുറിപ്പ്.
ട്വിറ്ററിൽ നിരവധി പേരാണ് ഈ സൈനികരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇവരാണ് യഥാർഥ നായകരെന്ന് പലരും കുറിച്ചു.
“സൂപ്പർ പവർ ഒരു മിഥ്യയല്ല. അതിമാനുഷികർക്കല്ലാതെ മറ്റാർക്കാണ് ഇങ്ങനെയെല്ലാം ജോലി ചെയ്യാനാവുക. തിന്മകളോട് ഇവർ പോരാടുന്നത് കൊണ്ടാണ് നാം സുരക്ഷിതരായി ഉറങ്ങുന്നത്”- ഒരാൾ ട്വിറ്ററിൽ കുറിച്ചു.
ചൈനയുമായുള്ള സംഘർഷങ്ങൾ കാരണം സമീപകാലത്ത് ഇന്ത്യ ഹിമാലയത്തിലെ ഉയർന്ന അതിർത്തി പ്രദേശങ്ങളിൽ സൈനികരുടെ എണ്ണം വർധിപ്പിച്ചിരുന്നു.