പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പച്ചക്കറികളും പഴങ്ങളും

February 21, 2022
127
Views

സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളും പച്ചക്കറികളും ഏതൊക്കെയാണെന്ന് നോക്കാം.

സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.

പ്രമേഹ രോഗത്തെ വരുതിയിലാക്കാൻ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഒപ്പം കലോറിയും കുറഞ്ഞ ബ്രൊക്കോളിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതെയല്ല. മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും.

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയുടെ ഗ്ലൈസെമിക് ഇൻഡക്സ് (GI) 30 ആണ്. അതുകൊണ്ട് തന്നെ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്.

ഓറഞ്ചാണ് ഈ പട്ടികയിലെ അഞ്ചാമന്‍. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പച്ചക്കറികളില്‍ തന്നെ ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. വിറ്റാമിന്‍ സി, അയണ്‍, സോഡിയം, പൊട്ടാസ്യം, എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. കലോറി കുറവായതു കൊണ്ടുതന്നെ ഇവ പ്രമേഹരോഗികള്‍ക്ക് മികച്ചതാണ്.

കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകൾ ഇവയടങ്ങിയ കിവി, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണമാണ്.

സബർജിൽ (pear) ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ, വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകൾ ഇവ സബർജില്ലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിലെ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല, ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ പഴമാണ് സബർജിൽ.

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് 39 ആണ്. ഒപ്പം ധാരാളം പോഷകങ്ങളും ഫൈബറും അടങ്ങിയ ക്യാരറ്റ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ്.

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. പ്രതിരോധശക്തിയേകുന്ന വിറ്റാമിൻ സിയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നില്‍ക്കും എന്നതുകൊണ്ടുതന്നെയാണ് പാവയ്ക്ക പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമെന്ന് പറയുന്നത്.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *