പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ റം നിർമാണ ശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സ്ഥാപനത്തിലെ ജീവനക്കാരനായ അരുൺകുമാർ, ടാങ്കർ ലോറി ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനറൽ മാനേജർ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളുണ്ട്.
മധ്യപ്രദേശിൽ നിന്നും രണ്ട് ടാങ്കറുകളിലായി എത്തിച്ച 80,000 ലിറ്റർ സ്പിരിറ്റിൽ നിന്ന് 20,000 ലിറ്ററാണ് മോഷണം പോയത്. ഒരു ടാങ്കറിൽ നിന്ന് 12,000 ലിറ്ററും രണ്ടാമത്തേതിൽ നിന്ന് 8000 ലിറ്ററും കാണാതാവുകയായിരുന്നു. ഇത് പ്രതികൾ കേരളത്തിലെത്തുന്നതിന് മുമ്പ് തന്നെ മറിച്ചുവിറ്റുവെന്നാണ് നിഗമനം.
മധ്യപ്രദേശിലെ ബർവാഹ എന്ന സ്ഥലത്തുള്ള അസോസിയേറ്റഡ് ആൽക്കഹോൾ കമ്ബനിയിൽനിന്നുമാണ് സ്പിരിറ്റ് എത്തിക്കുന്നത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കേരള അതിർത്തി പിന്നിട്ട ശേഷം വാഹനങ്ങളെ അധികൃതർ പിന്തുടർന്നിരുന്നു. ബുധനാഴ്ച രാവിലെ ടാങ്കറുകൾ ഫാക്ടറി വളപ്പിൽ കടന്ന ശേഷം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റിന്റെ അളവിലുള്ള കുറവ് കണ്ടെത്തിയത്. ഡ്രൈവർമാർ കണക്കിൽപെടാതെ സൂക്ഷിച്ച 10 ലക്ഷം രൂപയും കണ്ടെടുത്തു.