ന്യൂഡെൽഹി: റഷ്യൻ വാക്സിനായ സ്പുട്നിക്കിന്റെ നിർമ്മാണം സെപ്റ്റംബർ മുതൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. ഇന്ത്യയിൽ പ്രതിവർഷം 300 മില്യൺ ഡോസ് സ്പുട്നിക് വാക്സിൻ നിർമ്മിക്കാനാണ് പദ്ധതിയെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വ്യക്തമാക്കി. വാക്സിൻ സാങ്കേതികവിദ്യ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറിയിട്ടുണ്ട്. ആദ്യ ബാച്ച് വാക്സിൻ സെപ്റ്റംബറിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനാവാലെ പറഞ്ഞു. ഉയർന്ന രോഗപ്രതിരോധ ശേഷിയും സുരക്ഷയുമുള്ള സ്പുട്നിക് വാക്സിൻ രാജ്യത്തെ പരമാവധി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പുട്നിക് വാക്സിന് 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഇന്ത്യയെ കൂടാതെ ദക്ഷിണകൊറിയ, അർജൻറീന തുടങ്ങിയ രാജ്യങ്ങളും സ്പുട്നിക് വാക്സിൻ നിർമ്മിക്കുന്നുണ്ട്.