ആനക്കുട്ടികളെ ബാധിച്ചത് തീവ്രതയേറിയ വൈറസ്: കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രത്തില്‍ സ്ഥിതി രൂക്ഷം

July 8, 2021
163
Views

തിരുവനന്തപുരം: ശ്രീക്കുട്ടിയുടെ മരണത്തില്‍ നിന്ന് കരകയറാനാവാതെ കോട്ടൂര്‍ ആന പുനഃരധിവാസ കേന്ദ്രം. വൈറസ് ബാധ മൂലം സ്ഥിതി രൂക്ഷമാകുന്നുവെന്ന് വിദഗ്ധര്‍ അറിയിച്ചു. കുട്ടിയാനകളില്‍ വൈറസ് ബാധിച്ചാല്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് രക്ഷപ്പെടാന്‍ സാധ്യതയുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നാണ് സൂചനകള്‍.

ഒരാഴ്ച മുന്‍പാണ് ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞത്. ശ്രീക്കുട്ടി ചരിഞ്ഞപ്പോള്‍ മറ്റ് ആനകളെയും പരിശോധിച്ചിരുന്നു. നാല് ആനകള്‍ പോസിറ്റീവായി. ഇക്കൂട്ടത്തില്‍ അര്‍ജുന്‍ 24 മണിക്കൂര്‍മുമ്ബ് പരിശോധിച്ചപ്പോള്‍ നെഗറ്റീവായതാണ്. എന്നിട്ടും ആന ചരിഞ്ഞതാണ് വനം വകുപ്പിനെ ആശങ്കയാക്കുന്നത്.

ഹെര്‍പ്പിസ് എന്ന വൈറസിന് സമാനമായ വൈറസാണ് കുട്ടിയാനകളെയും ബാധിച്ചത്. ഇത് മനുഷ്യനില്‍ ചിക്കന്‍പോക്സ് ഉണ്ടാക്കുന്ന വൈറസിന് തുല്യമാണ്. ആനകളില്‍ ആന്തരികാവയവങ്ങളിലെ രക്തസ്രാവത്തിന് ഈ വൈറസ് കാരണമാകും. മുതിര്‍ന്ന ആനകളെ വൈറസ് ബാധിച്ചാലും കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എന്നാല്‍ 10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ ഒന്ന് മുതല്‍ രണ്ട് ദിവസത്തിനിടെ മരണം സംഭവിച്ചേക്കും.

കോട്ടൂരില്‍ അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ആനപരിപാലന കേന്ദ്രത്തില്‍ ഇരുപത്തിനാലുമണിക്കൂറും ചികിത്സ നല്‍കാനായി ഉണ്ട്. വൈറസ് സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകളെ രക്ഷിക്കാനുള്ള ശ്രമാണ് ഇപ്പോള്‍ നടത്തുന്നത്. രണ്ട് കുട്ടിയാനകളുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. മറ്റ് ആനകളെ പ്രത്യേക സ്ഥലത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *