സ്ത്രീധനം കുറഞ്ഞു പോയി എന്ന കാരണത്താൽ ഒരു മുഴം കയറിലും തീ നാളത്തിലും ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്ത ഞെട്ടലോടെയാണ് സാക്ഷര കേരളം കേട്ടുകൊണ്ടിരിക്കുന്നത്. പ്രിയങ്ക, വിസ്മയ, സുചിത്ര, അർച്ചന… നീളുന്ന പേരുകൾ. ഇതിനെതിരെ ശബ്‌ദിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്, അവർക്ക് വേണ്ടി ഉയരേണ്ടത് അവരുടെ ശബ്ദം തന്നെയാണ്.
ഈ തിരിച്ചറിവാണ് ഈ അനാചാരത്തിനെതിരെ വേറിട്ട രീതിയിൽ പ്രതികരിക്കാൻ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചതും. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ഒന്നാം വർഷ ബിരുദ (ബയോകെമിസ്ട്രി & ഇൻഡസ്ട്രിയൽ മൈക്രോബയോളജി) വിദ്യാർത്ഥിനികൾ തയാറാക്കിയ ഒരു ചെറിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
19 വയസ് മാത്രം പ്രായമുള്ള സുചിത്ര ഇന്ന് ഓരോ മലയാളിയുടെയും വിങ്ങലാണ്. കളിച്ച് ചിരിച്ച് നടക്കേണ്ട ഈ പ്രായത്തിൽ നരക യാതന അനുഭവിച്ച് ആ പെൺകുട്ടിയും ജീവനൊടുക്കി. അതുകൊണ്ട് തന്നെയാണ് ആ പ്രായത്തിലുള്ള വിദ്യാർത്ഥിനികളുടെ ഇത്തരമൊരു പ്രതിഷേധത്തിന് പ്രസക്തി ഏറുന്നതും. തങ്ങൾക്ക് വേണ്ടത് സ്ത്രീധനത്തിന്റെയും മിന്നുന്ന പൊന്നിന്റെയും തിളക്കമല്ലെന്നും സ്വന്തം കാലിന്റെ ശക്തിയാണെന്നും സ്വന്തം മാതാപിതാക്കളോടെയും സമൂഹത്തോടും പറയുകയാണ് ഇവർ.
സ്ത്രീധനം കൊടുക്കുന്നതിന്റെ പകുതി പണം തങ്ങളുടെ വിദ്യാഭ്യാസത്തിനും ഒരു തൊഴിൽ നേടാനും ചിലവഴിക്കാനും അവർ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നു. അതെ ഇത് തന്നെയാണ് ഈ അനീതിക്കെതിരെ ഉയരേണ്ട യഥാർത്ഥ ശബ്ദം. പഴയ തലമുറയെ തിരുത്താൻ പ്രയാസമാണ്. മാറേണ്ടത് ഇന്നത്തെ തലമുറയാണ്… വരും തലമുറയാണ്… അവർക്ക് വേണ്ടി അവർ തന്നെ ശബ്ദം ഉയർത്തട്ട.