ശക്തമായ സൗരക്കാറ്റ് ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി വന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍.
ന്യൂയോര്‍ക്ക്: ശക്തമായ സൗരക്കാറ്റ് ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി വന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍.
സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പ്ലാസ്മയും കാന്തിക ക്ഷേത്രങ്ങളും പുറന്തള്ളുന്ന പ്രതിഭാസമായ കൊറോണല്‍ മാസ് ഇജക്ഷന്റെ ( സിഎംഇ) ഫലമായി രൂപപ്പെടുന്ന സൗരക്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് അഞ്ചിന് സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് രണ്ട് കൊറോണല്‍ മാസ് ഇജക്ഷന്‍ ആണ് സംഭവിച്ചത്. ഇതില്‍ ഒരു കൊറോണല്‍ മാസ് ഇജക്ഷനെ മറ്റൊന്ന് വിഴുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഒരു കൊറോണല്‍ മാസ് ഇജക്ഷനെ മറ്റൊന്ന് വിഴുങ്ങുന്നതിനെ കാനിബാള്‍ സിഎംഇ എന്നാണ് പറയുന്നത്. ഇത്തരത്തില്‍ തീവ്രമായ സിഎംഇ സൗരക്കാറ്റിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ സൗരക്കാറ്റ് ഇന്ന് ഭൂമിയെ ലക്ഷ്യമാക്കി വരുമെന്നാണ് സൂചന. സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറി ഭൂമിയിലെ റേഡിയോ തരംഗങ്ങളെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത്തരം പൊട്ടിത്തെറിയിലൂടെ പുറത്തുവരുന്ന അള്‍ട്രാവൈലറ്റ് രശ്മികളുടെ മിന്നല്‍പ്പിണര്‍ റേഡിയോ ബ്ലാക്ക്‌ഔട്ടിന് കാരണമാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.