ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും എന്‍ വി രമണ ചൂണ്ടികാട്ടി. ആര്‍ക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
എല്ലാ വാര്‍ത്തകളും വര്‍ഗീയ ചുവയോടെയാണ് ചില മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത് രാജ്യത്തിന്റെ പേര് മോശമാക്കുമെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിയന്ത്രണങ്ങളില്ലാതെ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും പ്രവര്‍ത്തിക്കുന്നതില്‍ ആശങ്ക രേഖപെടുത്തിയത്.
സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്ബനികള്‍ പ്രതിബദ്ധത കാട്ടുന്നില്ല. കരുത്തരായ ആളുകളോട് മാത്രമാണ് അവര്‍ പ്രതികരിക്കുന്നത്. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്ബനികള്‍ പറയുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനത്തെ കുറിച്ച് ഇതിന് മുമ്ബ് ശക്തമായ വിമര്‍ശനങ്ങള്‍ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഐടി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന നിര്‍ദ്ദേശം കൂടിയാണ് വിമര്‍ശനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിന് കോടതി നല്‍കുന്നത്. തുടര്‍ന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുളള സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.