വ്യാപാരികളുടെ ജീവിതം വഴിമുട്ടി; കേരളത്തിന്റെ മറുപടിയില്‍ പെരുന്നാള്‍ ഇളവില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്‌

July 20, 2021
165
Views

ന്യൂഡല്‍ഹി: ബക്രീദിനോട് അനുബന്ധിച്ചു കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും. കോടതി നിര്‍ദേശിച്ചതനുസരിച്ച്‌ ഇളവുകള്‍ നല്‍കിയത് സംബന്ധിച്ചുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ഇന്നലെ തന്നെ കോടതിയില്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഉത്സവ കാലത്തോട് അനുബന്ധിച്ച്‌ വ്യാപാരികള്‍ ഉല്‍പന്നങ്ങള്‍ വില്‍പനക്കായി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച്‌ വ്യാപാരികളുടെ സംഘടന പ്രക്ഷോഭം ആരംഭിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് ലോക്ക്ഡൗണ്‍ ഇളവിനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിയതെന്നും സത്യവാങ്ങ്മൂലത്തിലുള്ളതായാണ് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാവും ലോക്കഡൗണ്‍ ഇളവുകളെന്നും ഒരു കോവിഡ് വാക്സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാനാവുക എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കാന്‍ ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും ബിആര്‍ ഗവായും ഉള്‍പ്പെട്ട ബഞ്ച് കേരളത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ആദ്യ കേസായി കോടതി വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പികെഡി നമ്ബ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

അതേസമയം ബക്രീദ് പ്രമാണിച്ചു സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് കൂടി തുടരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി വിഭാഗം പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകള്‍.

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ചു ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം. സുപ്രീം കോടതിയുടെ തീരുമാനവും അറിഞ്ഞ ശേഷം അതും പരിഗണിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുമ്ബോള്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത കുറവാണ്.

Article Tags:
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *