കൊരട്ടി: ജനമൈത്രി പോലീസിന്റെ സൗജന്യ പൊതിച്ചോര്‍ വിതരണ പദ്ധതിയായ പാഥേയത്തിലേക്ക് ഷെല്‍ഫുകളുമായി സുരേഷ് ഗോപി എം.പി എത്തി. കഴിഞ്ഞ ആറാം തിയതിയാണ് പാഥേയത്തില്‍ ഭക്ഷണം വയ്‌ക്കുന്നതിന് സുരേഷ് ഗോപി ആദ്യമായി എത്തിയത്. മികച്ച സ്വഭാവനടിക്കുള്ള പുസ്‌കാരം നേടിയ ശ്രീരേഖയെ കാണാനുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹം പാഥേയത്തെ കുറിച്ച് കൂടുതല്‍ അറിയാനായി ഇവിടെ എത്തിയത്.
ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാന്‍ സൗകര്യമുള്ള ഷെല്‍ഫുകള്‍ നല്‍കാമെന്ന് പോലീസിനും പാഥേയം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. ചൂടാറാത്ത ഷെല്‍ഫ് എത്രയും വേഗം എത്തിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയത്.
പാഥേയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൊരട്ടി എസ്.എച്ച്.ഒ ബി.കെ.അരുണ്‍ കുമാറിനേയും അദ്ദേഹം അനുമോദിച്ചിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ബംഗളുരുവില്‍ താമസക്കാരനായ സുനില്‍ നായര്‍ പാഥേയത്തിലേക്ക് ഫുഡ് ഷെല്‍ഫ് എത്തിക്കാമെന്ന് സുരേഷ് ഗോപിയെ വിളിച്ച് അറിയിച്ചു. ഒന്നരയാഴ്ചക്കുള്ളിലാണ് ഷെല്‍ഫുകള്‍ കൊരട്ടിയില്‍ എത്തിച്ചത്. തൃശൂരില്‍ നിന്ന് മടങ്ങുന്ന വഴി പാഥേയത്തിലെത്തിയ സുരേഷ് ഗോപി ഷെല്‍ഫുകള്‍ കൈമാറി. പ്രാതല്‍ പൊതികള്‍ ഇതിനുള്ളില്‍ വച്ചാണ് ഷെല്‍ഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിശപ്പുള്ള ആര്‍ക്കും എടുത്തു കഴിക്കാവുന്ന ഭക്ഷണമെന്ന നിലയിലാണ് ഒരു വര്‍ഷം മുന്‍പ് പൊതുജന പങ്കാളിത്തതോടെ ജനമൈത്രി പോലീസ് പാഥേയം പദ്ധതിക്ക് തുടക്കമിട്ടത്.