കാൻസര്‍ വരാതിരിക്കാൻ 100 രൂപയുടെ മരുന്നുമായി ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്, ജൂലായില്‍ വിപണിയില്‍

February 29, 2024
28
Views

കാൻസർ പ്രതിരോധത്തിന് വിപ്ളവം സൃഷ്‌ടിക്കുന്ന കണ്ടുപിടിത്തവുമായി മുംബയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്.

മുംബയ്: കാൻസർ പ്രതിരോധത്തിന് വിപ്ളവം സൃഷ്‌ടിക്കുന്ന കണ്ടുപിടിത്തവുമായി മുംബയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്.

കാൻസർ വീണ്ടുംവരാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയത്തിലേക്ക് എത്തിയെന്ന പ്രഖ്യാപനം ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ തന്നെയാണ് നടത്തിയിരിക്കുന്നത്. പത്ത് വർഷത്തിലധികം നീണ്ട ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് കാൻസർ സെന്ററിലെ ഡോക്‌ടർമാരും ശാസത്രജ്ഞരും വിജയത്തിലെത്തിയത്. ടാബ്‌ലറ്റ് രൂപത്തിലാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നതെന്ന് ഇവർ അറിയിച്ചു. റേഡിയേഷൻ, കീമോ എന്നിവയുടെ പാർശ്വഫലങ്ങള്‍ ഒഴിവാക്കാനും ഗുളിക സഹായിക്കുമെന്നാണ് വിവരം.

എലികളിലാണ് ആദ്യപരീക്ഷണം നടത്തിയത്. ക്യാൻസർ സെല്ലുകള്‍ ഇവയില്‍ കടത്തിവിട്ടു. തുടർന്ന് അത് ട്യൂമറായി രൂപാന്തരം പ്രാപിച്ചപ്പോള്‍ റേഡിയേഷൻ തെറാപ്പി, കീമോ തെറാപ്പി, ശസ്ത്രക്രിയ എന്നീ ഘട്ടങ്ങള്‍ അവലംബിച്ചു. നശിക്കപ്പെടുന്ന ക്യാൻസർ കോശങ്ങള്‍ രക്തത്തിലേക്ക് കടക്കുകയും നല്ല കോശങ്ങളെ ക്യാൻസർ കോശങ്ങളാക്കി മാറ്റുകയുംചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.

ഇതുമറികടക്കുന്നതിനായി റിസ്‌വെറോറ്റാള്‍, കോപ്പർ (R+Cu.) എന്നിവയടങ്ങിയ മരുന്ന് എലികളില്‍ കുത്തിവച്ചു. ഇത് ഓക്‌സിജൻ പാർട്ടിക്കിളുകള്‍ രൂപപ്പെടുത്തുകയും കാൻസർ കോശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്‌തു. “Magic of R+Cu” എന്നാണ് ഗവേഷകർ പരീക്ഷണത്തെ വിശേഷിപ്പിച്ചത്.

കാൻസർ ട്രീറ്റ്മെന്റ് മൂലമുണ്ടാകുന്ന പാർശ്വഫലങ്ങള്‍ 30 മുതല്‍ 50 ശതമാനം വരെ R+Cu ടാബ്‌ലറ്റ് ഇല്ലാതാക്കുമെന്നും അവർ അവകാശപ്പെടുന്നു. മനുഷ്യശരീരത്തിലുള്ള പരീക്ഷണവും അന്തിമഘട്ടത്തിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിക്ക് ശേഷം ഈ വർഷം ജൂലായ് മാസത്തോടെ ടാബ്‌ലെറ്റ് വിപണിയില്‍ ഇറക്കും. 100 രൂപയാണ് ഓരോ ടാബ്‌ലെറ്റിനും വില നിശ്ചയിച്ചിരിക്കുന്നത്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *