കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയുടെ ഭാഗങ്ങളില്‍ താലിബാന്‍ ഭീകരരും ദേശീയ പ്രതിരോധ മുന്നണി(എന്‍ആര്‍എഫ്)യും തമ്മിലുള്ള പോരാട്ടം കനത്തു. പഞ്ച്ശീര്‍ വളഞ്ഞുവെന്ന് താലിബാന്‍ വക്താവ് അവകാശപ്പെട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ താഴ്‌വരയില്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുണ്ടെന്ന് വടക്കന്‍ സഖ്യവും പ്രതികരിച്ചു. അന്തരിച്ച സൈനിക കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് ഇവിടെ താലിബാനെതിരെ പ്രതിരോധം തീര്‍ക്കുന്നത്. അഫ്ഗാനില്‍ താലിബാന് മുന്‍പില്‍ കീഴടങ്ങാതെ നില്‍ക്കുന്ന ഒരേയോരു പ്രദേശം പഞ്ച്ശീര്‍ മാത്രമാണ്.
ചൊവ്വാഴ്ച രാത്രി പതിനൊന്നിന് താലിബാന്‍ ആക്രമണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി അവാസ്‌കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണവും പ്രത്യാക്രമണവും പുരോഗമിക്കുകയാണ്. ഇരു വിഭാഗങ്ങളുടെയും വക്താക്കള്‍ പ്രതികരിക്കാത്തതിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ല. തിങ്കളാഴ്ച രാത്രിയിലും രണ്ടുകൂട്ടരും തമ്മില്‍ പോരാട്ടം നടന്നു. എട്ട് താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പഞ്ച്ശീറിന്റെ പടിഞ്ഞാറന്‍ കവാടത്തിലാണ് പ്രതിരോധ സേന താലിബാനെ നേരിടുന്നതെന്ന് വക്താവ് ഫഹീം ദഷ്ടി അറിയിച്ചു.
എട്ടുപേര്‍ കൊല്ലപ്പെട്ടതായും ഇത്രയുംതന്നെ ആളുകള്‍ക്ക് പരിക്കേറ്റതായും ഫഹീം പറഞ്ഞു. രണ്ട് പ്രതിരോധ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. പ്രാദേശിക പോരാളികളും അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നവരും പ്രത്യേക സേനാ വിഭാഗവുമാണ് പ്രതിരോധ സേനയുടെ പിന്തുണയ്ക്കുള്ളത്. അഫ്ഗാനിലെ ഭരണം നഷ്ടമായതുമുതല്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സലേഹും ഇവര്‍ക്കൊപ്പമുണ്ട്. താഴ്‌വരയിലേക്കുള്ള ആശയ വിനിമയ സേവനങ്ങള്‍ താലിബാന്‍ വിച്ഛേദിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.