ഭുവനേശ്വർ: ഒഡീഷയില്‍ പ്രത്യേക സുരക്ഷാ സേനാംഗങ്ങള്‍ക്ക് പൊലീസിന്റെ താക്കീത്. സുരക്ഷാ സേനാംഗങ്ങളുടെ ശരീരത്തിലെ ടാറ്റൂകള്‍ ഉടൻ നീക്കം ചെയ്യണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ടു.
15 ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് നിർദേശം. യൂണിഫോം ധരിച്ചതിന് ശേഷവും പുറത്തേക്ക് ദൃശ്യമാകുന്ന ടാറ്റൂകളാണ് നീക്കം ചെയ്യേണ്ടത്.സുരക്ഷാസേനാംഗങ്ങള്‍ ടാറ്റൂ ചെയ്യുന്നത് അപകീർത്തികരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉത്തരവ് പുറത്തിറക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ടാറ്റൂകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി.ടാറ്റൂ ചെയ്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനായി പൊലീസ് കമ്മീഷണർ നിർദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ വസതി, രാജ്ഭവൻ, സംസ്ഥാന സെക്രട്ടറിയേറ്റ്, ഒഡീഷ നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങില്‍ ജോലി ചെയ്യുന്ന പ്രത്യേക സുരക്ഷാ സേനാംഗങ്ങള്‍ക്കാണ് നിർദേശം. ഉത്തരവ് പാലിക്കാത്തവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഡിസിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.