തോന്നക്കലില്‍ വാക്‌സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം; പ്രത്യേക പാക്കേജ്

September 8, 2021
208
Views

തിരുവനന്തപുരം: തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ തയാറാകുന്ന ആങ്കര്‍ വ്യവസായങ്ങള്‍ക്കു പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ ഭൂമി 60 വര്‍ഷത്തേയ്ക്കു പാട്ടത്തിനു നല്‍കും.

കെ എസ് ഐ ഡിസിയുമായുള്ള പാട്ടക്കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കും. ഉപകരണങ്ങള്‍, പ്ലാന്റ്, യന്ത്രങ്ങള്‍ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക സബ്‌സിഡിനിരക്കിലെ മൂലധനസഹായം എന്ന തരത്തില്‍ നല്‍കും.
ഫില്‍ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കുള്ളിലും വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കുള്ളിലുമാണ് നല്‍കുക.

സര്‍ക്കാരിനു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന 20 വര്‍ഷത്തെ ദീര്‍ഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകര്‍ഷകമായ വായ്പകള്‍ നല്‍കും. ഫില്‍ ഫിനിഷ് യൂണിറ്റിനുള്ള വായ്പാ പരിധി 20 കോടിരൂപയ്ക്കുള്ളിലും വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റിനുള്ള വായ്പാ പരിധി 30 കോടി രൂപയ്ക്കുള്ളിലുമായി നിജപ്പെടുത്തും. ആകെ വായ്പാതുക 100 കോടി രൂപയ്ക്കകത്താകും.

സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളില്‍ നല്‍കും. യൂണിറ്റിനു രണ്ടു രൂപ തോതില്‍ വൈദ്യുതിനിരക്ക് സബ്‌സിഡി നല്‍കും. പ്രവര്‍ത്തനമാരംഭിച്ച് രണ്ടുവര്‍ഷത്തേയ്ക്കുള്ള ബില്‍ തുകയില്‍ വെള്ളക്കര സബ്‌സിഡിയും നല്‍കും. ഉല്‍പ്പാദിപ്പിക്കേണ്ട വാക്‌സിന്‍, ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ കമ്പനികള്‍ക്കു തീരുമാനിക്കാം.

ലൈഫ് സയന്‍സ് പാര്‍ക്കില്‍ പൂര്‍ത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ അനുയോജ്യമാണെന്ന് കമ്പനികള്‍ ഉറപ്പുവരുത്തിയാല്‍ വാര്‍ഷിക വാര്‍ഷിക പാട്ടത്തിനു നല്‍കും. പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാര്‍പ്ലാന്റ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കെഎസ്‌ഐഡിസി നിര്‍മിക്കും.

കമ്പനികളെ ക്ഷണിക്കുന്നതിനു രണ്ട് വ്യത്യസ്ത താല്‍പ്പര്യ പത്രം തയാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കര്‍ ഇന്‍ഡസ്ട്രീസായി പരിഗണിക്കുകയും പാര്‍ക്കില്‍ അവരുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ക്ഷണിക്കുകയും ചെയ്യും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *