ആഴക്കടലിലും മീനുകള്‍ക്ക് രക്ഷയില്ല; സ്രാവുകളും തിരണ്ടികളും നിലനില്‍പ്പ് ഭീഷണിയില്‍

April 2, 2024
35
Views

കോഴിക്കോട്: സമുദ്രാന്തർഭാഗങ്ങളിലെ ജീവികള്‍ക്കും മനുഷ്യന്റെ ഇടപെടല്‍ ഭീഷണിയാവുന്നു. അമിതമായ മീൻപിടിത്തം ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന സ്രാവ്, തിരണ്ടി മത്സ്യ ഇനങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണം സയൻസില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായ ആഴക്കടല്‍ മത്സ്യവേട്ടയാണ് നടക്കുന്നത്.

ഇരുന്നൂറുമീറ്ററിലേറെ ആഴമുള്ള ഭാഗങ്ങളെയാണ് ആഴക്കടലായി വിലയിരുത്തുന്നത്. മനുഷ്യരുടെ ഇടപെടലുകള്‍ കുറവായതിനാല്‍ ജീവികള്‍ക്ക് സുരക്ഷിതമായ താവളമാണ് ആഴക്കടലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ ധാരണ ശരിയല്ലെന്നാണ് ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന 521 സ്രാവ്, തിരണ്ടി സ്പീഷിസുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ വിലയിരുത്തി വിവിധരാജ്യങ്ങളിലെ ഗവേഷകർ തയ്യാറാക്കിയ പഠനം വ്യക്തമാക്കുന്നത്.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഐ.യു.സി.എൻ. ചുവപ്പുപട്ടികയില്‍ 120 ആഴക്കടല്‍ സ്രാവ്, തിരണ്ടി ഇനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ ഇനങ്ങള്‍ക്കും വംശനാശം സംഭവിച്ചിട്ടില്ലെങ്കിലും ഗുല്‍പർ സ്രാവുകള്‍ ഭക്ഷ്യാവശ്യത്തിനായി ലഭ്യമല്ലാതായിക്കഴിഞ്ഞു. 2014-ലെ വിലയിരുത്തലിനെ അപേക്ഷിച്ച്‌ ഭീഷണിയിലുള്ള ഇനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി.

ഇന്ത്യയില്‍ 45 ആഴക്കടല്‍ സ്രാവ് സ്പീഷിസുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഡോഗ് ഷാർക്ക്, ബ്രാംബിള്‍ ഷാർക്ക്, ഗള്‍പർ ഷാർക്ക് തുടങ്ങി എട്ട് ആഴക്കടല്‍ സ്രാവിനങ്ങള്‍ കേരളതീരങ്ങളിലുണ്ട്. കേരളം, തമിഴ്നാട്, അന്തമാൻ ദ്വീപ് തീരങ്ങളില്‍നിന്ന് വർഷത്തില്‍ 3000 ടണ്‍ ആഴക്കടല്‍ സ്രാവിനങ്ങളെ പിടികൂടുന്നുണ്ടെന്ന് പഠനസംഘത്തിലെ അംഗമായ സുവോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ ചെന്നൈ കേന്ദ്രം സയന്റിസ്റ്റ് ഡോ. കെ.കെ. ബിനീഷ് പറഞ്ഞു.

സ്രാവുകളുടെ കരളില്‍നിന്നെടുക്കുന്ന എണ്ണയ്ക്കുവേണ്ടിയാണ് കൂടുതലായും വേട്ടയാടുന്നത്. പല സൗന്ദര്യവർധക ഉത്പന്നങ്ങളുടെയും മരുന്നുകളുടെയും ചേരുവയാണ് ലിവർ ഓയില്‍. ആഴക്കടല്‍ മീൻപിടിത്തത്തിനും മീനെണ്ണ വ്യാപാരത്തിനും നിയന്ത്രണമേർപ്പെടുത്തിയും സ്രാവുകളെയും സംരക്ഷിക്കാൻ നടപടിയുണ്ടാവണമെന്ന് പഠനം ആവശ്യപ്പെടുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *