വിസ്മയയുടെ കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കും; വീട്ടിലേക്ക് ഭീഷണിക്കത്ത്

September 16, 2021
327
Views

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് ഭീഷണിക്കത്തിലെ ഉള്ളടക്കം. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്ത് വിസ്മയയുടെ വീട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നാണ് കത്തില്‍ പറയുന്നത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്. കത്ത് തുടര്‍ നടപടികള്‍ക്കായി ചടയമംഗലം പൊലീസ് കോടതിയില്‍ ഹാജരാക്കി. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കത്ത് ലഭിച്ചത് സംബന്ധിച്ച്‌ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് വിസ്മയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 507 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഭീഷണിക്കത്ത് ലഭിച്ചത് പൊലീസ് സംശയത്തോടെയാണ് കാണുന്നത്. കേസിന്‍റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണോ ഭീഷണിക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം. പ്രതി കിരണ്‍കുമാര്‍ അറസ്റ്റിലായി എണ്‍പതാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *