തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.
വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
16-ാം തീയതി അഞ്ച് മണിക്ക് മുന്‍പ് ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വിഷയങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഒരു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. ഈ അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ തീരുമാനം പതിനേഴിന് കൈക്കൊളളും.
അതേസമയം, ഉത്സവങ്ങളില്‍ നാട്ടാനകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദേവസ്വം ഭാരവാഹികള്‍, ആന ഉടമസ്ഥര്‍, പോലീസ്, റവന്യു, മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ആനകളെ മാത്രമേ ഉത്സവാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളു.
ഉത്സവത്തിനുപയോഗിക്കുന്ന ആനകളുടെ പൂര്‍വ്വ ചരിത്രം പരിശോധിച്ച് ആനകള്‍ മുന്‍കാലങ്ങളില്‍ മനുഷ്യ ജീവഹാനി വരുത്തിയിട്ടുള്ളതോ, ഇടഞ്ഞ് മറ്റു നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ളതോ അല്ലെന്ന് ഉത്സവ കമ്മറ്റി ഉറപ്പു വരുത്തേണ്ടതാണ്. അതിനു ശേഷം പങ്കെട്ടുക്കുന്ന ആനകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി സോഷ്യല്‍ ഫോറസറ്ററി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം.
മദപ്പാടുള്ളതോ, ഗര്‍ഭിണികളായിട്ടുളളതോ, പ്രായാധിക്യം വന്നിട്ടുള്ളതോ അസുഖമുള്ളതോ, പരുക്കേറ്റതോ ആയ ആനകളെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളതല്ല. ഉത്സവത്തിന് അനുമതി ലഭിച്ചിട്ടുള്ള ഓരോ ആനയേയും 12 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച് ആനയ്ക്ക് മദപ്പാടോ, ശരീരത്തില്‍ മുറിവ്, ചതവ്, അംഗവൈകല്യം, കാഴ്ച്ചശക്തിയിലുള്ള തകരാറുകള്‍, മറ്റു ആരോഗ്യപരമായ പോരായ്മുകളോ ഇല്ല എന്ന് ഉറപ്പ് വരുത്തുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇത് ഉത്സവക്കമ്മിറ്റിയുടെ ചുമതലയാണ്. ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചതിന് തെളിവ് സഹിതം പരാതി ലഭിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും കമ്മിറ്റിക്കായിരിക്കും.
എഴുന്നള്ളിപ്പിനോ മറ്റാവശ്യങ്ങള്‍ക്കോ ആനകളെ ഉപയോഗിക്കുമ്ബോള്‍ ഓരോ ആനയ്ക്കും നില്‍ക്കുന്നതിനായി മതിയായ സുരക്ഷിതമായ അകലം ക്രമീകരിക്കണം. ആനകളില്‍ നിന്നും നിശ്ചിത ദൂരത്തില്‍ (മൂന്ന് മീറ്റര്‍) മാത്രമെ ആളുകള്‍ നില്‍ക്കാനും സഞ്ചരിക്കുവാനും പാടുള്ളു. ആന പാപ്പാന്മാര് അല്ലാതെ മറ്റാരും ആനയെ സ്പര്ശിക്കുവാന് പാടുള്ളതല്ല.