മലപ്പുറം തിരൂരിൽ മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അർമാനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ പൊലീസ് കോടതിയിൽ ഹാജരാക്കും. കുട്ടി മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് മുങ്ങിയ രണ്ടാനച്ഛനെ ഇന്നലെ ഒറ്റപ്പാലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾ കുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ലഹരി ഉപയോഗിച്ചിരുന്ന സമയത്താണ് കുട്ടിയെ മർദ്ദിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഹുഗ്ലിയിൽ നിന്നുളള കുടുംബം താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തിൽ പൊളളിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസമാണ് തലയിൽ പരുക്ക് പറ്റിയെന്ന് പറഞ്ഞ് മൂന്നരവയസുകാരനായ ഷെയ്ഖ് സിറാജിനെയും കൊണ്ട് രണ്ടാനച്ഛൻ തിരൂരിലെ സ്വകാര്യം ആശുപത്രിയിൽ എത്തുന്നത്. എന്നാൽ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛൻ അവിടെ നിന്നും കടന്നുകളഞ്ഞു. ഇതിന് പിന്നാലെയാണ് ദുരൂഹത സംശയിക്കുന്നത്. കുഞ്ഞ് കുളിമുറിയിൽ വീണ് പരുക്കുപറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാൽ കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്.
ഊഹിക്കാവുന്നതിലും അപ്പുറം മർദ്ദനമാണ് കുഞ്ഞിന് ഏറ്റവുവാങ്ങേണ്ടി വന്നതെന്ന് എസ്പി പറയുന്നു. പ്രതികളുടെ ക്വാർട്ടേഴ്‌സിൽ എസ്പി സന്ദർശനം നടത്തി. കുഞ്ഞിനെ പൊളളലേൽപ്പിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുട്ടിയുടെ തലയിൽ അടിയേറ്റതിന്റെ പാടും ശരീരത്തിൽ പൊളളലേൽപ്പിച്ചതിന്റെ പാടുമുണ്ടെന്ന് പൊലീസ് കണ്ടെത്തി.