ടൂൾ കിറ്റിന്റെ ലക്ഷ്യം ആക്രമമോ രാജ്യദ്രോഹമോ അല്ല: ഇതിൻ്റെ പേരിൽ വ്യാജപ്രചരണവും വേട്ടയാടലും നടന്നു; അഡ്വക്കേറ്റ് നികിത ജേക്കബ്

November 30, 2021
138
Views

മുംബൈ: ടൂൾ കിറ്റ് കേസിന്റെ പേരിൽ വ്യാജപ്രചരണവും വേട്ടയാടലും നടന്നുവെന്ന് അഡ്വക്കേറ്റ് നികിത ജേക്കബ്. ടൂൾ കിറ്റിന്റെ ലക്ഷ്യം ആക്രമമോ രാജ്യദ്രോഹമോ അല്ലായിരുന്നുവെന്നും അത് കർഷക സമരത്തെ സഹായിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും നികിത പറഞ്ഞു. ടൂൾ കിറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട മലയാളി അഭിഭാഷക ഇതാദ്യമായാണ് ഒരു മാധ്യമത്തോട് സംസാരിക്കുന്നത്.

2020 ഓഗസ്റ്റ് മുതൽ പരിസ്ഥിതി സംഘടനയായ എക്സ്റ്റിൻഷൻ റിബല്യണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നികിത പറയുന്നു. ഈ സംഘടനയിൽ ചേർന്ന ശേഷമാണ് ദിഷ രവിയെ പരിയപ്പെടുന്നത്. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂം മീറ്റിംഗ് നടത്തിയെന്നത് സത്യമാണ്, പക്ഷേ അത് കർഷക സമരത്തെക്കുറിച്ച് മാത്രമായിരുന്നുവെന്നാണ് നികിതയുടെ വിശദീകരണം.

കർഷക സമരം പിൻവലിച്ചതിൽ സന്തോഷമുണ്ട്. ശരിയായ ദിശയിലേക്കുള്ള യാത്രയുടെ ആദ്യ പടിയായാണ് ഇതിനെ കാണുന്നത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കർഷകർക്കും തൊഴിലാളികൾക്കും ഗുണമുണ്ടാവുന്ന രീതിയിൽ ഒരുപാട് മാറ്റങ്ങൾ ഇനിയും വരാനുണ്ടെന്ന് പറയുന്നു നികിത.

ടൂൾ കിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം വെറും ആരോപണങ്ങൾ മാത്രമാണ്. അതിൽ വസ്തുതകളൊന്നുമില്ല, കോൺസ്പിരസി തിയറികളും, സൈബർ ബുള്ളിയിംഗും നടന്നു. ഈ ആക്രമണം കാരണമാണ് പ്രശ്നങ്ങളെല്ലാം ഉണ്ടായത്. കർഷക സമരത്തെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ മാത്രമാണ് ശ്രമിച്ചത്. ആ ഡോക്യുമെന്‍റ് വായിച്ചാൽ അറിയാം അതിൽ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതായി യാതൊന്നും ഇല്ല. നികിത വ്യക്തമാക്കുന്നു.

വിയോജിപ്പ് എന്നത് ഒരു ജനാധിപത്യത്തിൽ വളരെ അത്യാവശ്യമാണ്. കൂടുതൽ പേർ ശബ്ദമുയർത്തണമെന്നും ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്നും നികത പ്രത്യാശ പ്രകടിപ്പിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *