തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ നികുതി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയും നേമം സോൺ മുൻ സൂപ്രണ്ട് എസ്. ശാന്തിയാണ് അറസ്റ്റിലായത്. ഫോർട്ട് അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയും നേമം സോണൽ ഓഫീസിലെ ക്യാഷറുമായ സുനിത, ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്‍റ് ബിജു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതി തട്ടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. നേരത്തേ എസ്. ശാന്തി അടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
2020 ജനുവരി 24 മുതൽ 2021 ജൂലായ് 14 വരെയുള്ള ഒന്നര വർഷത്തെ ഇടപാടുകളാണ് പരിശോധിച്ചത്. കരമടച്ച 27 ലക്ഷം രൂപ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.