അഫ്ഗാനില്‍ രക്ഷാ ദൗത്യത്തിനെത്തിയ ഉക്രേനിയന്‍ വിമാനം ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

August 24, 2021
193
Views

അഫ്ഗാനില്‍ രക്ഷാ ദൗത്യത്തിനെത്തിയ ഉക്രേനിയന്‍ വിമാനം ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി ഉക്രെയ്നിന്റെ വിദേശകാര്യ ഉപമന്ത്രി യെവ്ജെനി യെസെനിന്‍ അറിയിച്ചു.

ഈ വിമാനം ഉക്രെയ്നിലെ ആളുകളെ കൊണ്ടു പോകാനായി അഫ്ഗാനിസ്ഥാനില്‍ എത്തിയതായിരുന്നുവെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്സിനോട്‌ യെസെനിന്‍ അറിയിച്ചു.

ആഗസ്റ്റ് 22 ന് വിമാനം തട്ടിക്കൊണ്ടുപോയതായി അറിഞ്ഞതായി യെവ്ജെനി യെസെനിന്‍ പറഞ്ഞു. തുടര്‍ന്ന് ആഗസ്റ്റ് 24 ന് വിമാനം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഉക്രേനിയന്‍ പൗരന്മാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുപകരം, അജ്ഞാതരായ യാത്രക്കാരുമായി വിമാനം ഇറാനിലേക്ക് പുറപ്പെട്ടു.

ഞങ്ങളുടെ രക്ഷാ ദൗത്യവും വിജയിച്ചില്ല, കാരണം ഞങ്ങളുടെ പൗരന്മാര്‍ക്ക് കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്ത് എത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ റാഞ്ചല്‍ വാര്‍ത്ത നിഷേധിച്ച്‌ ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്‌. ഇറാനിലെ വ്യോമയാന റെഗുലേറ്റര്‍ ഉക്രെയ്നിന്റെ അവകാശവാദം നിഷേധിച്ചു, ഉക്രേനിയന്‍ വിമാനം ആഗസ്റ്റ് 23 രാത്രി മഷാദില്‍ ഇന്ധനത്തിനായി നിര്‍ത്തി, തുടര്‍ന്ന് ഉക്രെയ്നിലേക്ക് പോയി രാത്രി 9:50 ന് കിയെവിലെത്തിയതായി ഇറാന്‍ വ്യക്തമാക്കുന്നു.

കാബൂളിലോ മറ്റെവിടെയെങ്കിലുമോ വച്ച്‌ ഉക്രേനിയന്‍ വിമാനം ഹൈജാക്ക് ചെയ്തിട്ടില്ലെന്ന് ഉക്രേനിയന്‍ വിദേശകാര്യ മന്ത്രാലയം ചെയര്‍മാന്‍ ഒലെഗ് നിക്കോലെന്‍കോ മാധ്യമങ്ങളോട് പറഞ്ഞു. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

12 ഉക്രേനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ തിരിച്ചെത്തിയതായും വിദേശ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരെ ഒഴിപ്പിച്ചതായും പ്രസിഡന്റ് ഓഫീസ് അറിയിച്ചു. ഉക്രെയ്നില്‍ നിന്നുള്ള നൂറോളം പേരെ ഇനിയും അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷിക്കാനുണ്ട്‌.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *