കോവിഡ്​ ഭീഷണിക്കിടയിലും കന്‍വാര്‍ യാത്ര നടത്താന്‍ യു.പി; ഒരുക്കങ്ങള്‍ക്ക്​ നിര്‍ദേശവുമായി യോഗി

July 14, 2021
312
Views

ലഖ്​നോ: കോവിഡ്​ ഭീഷണിക്കിടയിലും കന്‍വാര്‍ യാത്രയുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട്​. ഉത്തരാഖണ്ഡ്​ യാത്രക്ക്​ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ യു.പി തയാറായിട്ടില്ല. കന്‍വാര്‍ തീര്‍ഥാടകരെ മാത്രമേ പുണ്യസ്ഥലങ്ങളില്‍ അനുവദിക്കുവെന്ന്​ യു.പി വ്യക്​തമാക്കിയിട്ടുണ്ട്​. തീര്‍ഥാടകരുടെ എണ്ണം പരമാവധി നിയ​​ന്ത്രിക്കാന്‍ കന്‍വാര്‍ അസോസിയേഷനുകളോട്​ യു.പി സര്‍ക്കാര്‍ നിര്‍ദേശിച്ചു​.

പടിഞ്ഞാറന്‍ യു.പിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കാനാണ്​ സര്‍ക്കാറിന്‍റെ തീരുമാനം. ഉത്തരാഖണ്ഡിലേക്ക്​ തീര്‍ഥാടകര്‍ പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അതിര്‍ത്തികളില്‍ സ്വീകരിക്കും. യാത്രക്കിടെ കോവിഡ്​ പ്രോ​ട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പ്​ വരുത്തുമെന്ന്​ യു.പി അഡീഷണല്‍ ഡയറക്​ടര്‍ ജനറല്‍ പ്രശാന്ത്​ കുമാര്‍ പറഞ്ഞു. ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കുന്നതും പരിഗണിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

നേരത്തെ ഹരിദ്വാറിനെ കോവിഡ്​ ഹോട്ട്​​സ്​പോട്ടാക്കാന്‍ താല്‍പര്യമില്ലെന്ന്​ പ്രഖ്യാപിച്ചായിരുന്നു ഉത്തരാഖണ്ഡ്​ സര്‍ക്കാര്‍ കന്‍വാര്‍ യാത്ര റദ്ദാക്കിയത്​. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താല്‍പര്യമില്ലെന്നും ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജൂലൈ 25 മുതല്‍ ആഗസ്റ്റ്​ ആറ്​ വരെ യാണ്​ കന്‍വാര്‍ യാത്ര. മൂന്ന്​ കോടി പേരെങ്കിലും പശ്​ചിമ യു.പിയിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *