ലണ്ടന്‍: താലിബാന്റെ കരുത്ത് ഭീകരാക്രമണത്തിലൂടെ പ്രകടിപ്പിക്കുമെന്ന മുന്നറിയിപ്പു മായി ലോകരാജ്യങ്ങള്‍. വിദേശ സൈനികര്‍ കാബൂളില്‍ തുടരുന്നത് തടയാനാണ് ഭീകരാക്രമണത്തിന് ശ്രമിക്കുകയെന്നാണ് സൂചന. അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടനും ഓസ്‌ട്രേലിയയും ഒരുപോലെ അപായ സൂചന നല്‍കുകയാണ്.
ഇതുവരെ വിദേശരാജ്യങ്ങള്‍ 82,000 പൗരന്മാരെയാണ് കാബൂളില്‍ നിന്നും പുറത്തെ ത്തിച്ചത്.പത്ത് ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ജനങ്ങളെ അഫ്ഗാനില്‍ രക്ഷപെടുത്തിയത്. 31-ാം തിയതി അവസാന ദിവസമെന്ന അന്ത്യശാസനം നിലനില്‍ക്കേ പല തവണ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതിന്റെ ആശങ്കയിലാണ് യാത്രക്കാര്‍.
കാബൂള്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണ സാദ്ധ്യതാ മുന്നറിയിപ്പ് നല്‍കിയത് ഓസ്ട്രേലിയയുടെ വിദേശകാര്യമന്ത്രി മാരിസ് പെയിനാണ്. നിലവിലെ അവസ്ഥയില്‍ ഇനിയുള്ള ഓരോ ദിവസവും നിര്‍ണ്ണായകമാണെന്നാണ് പെയിന്‍ പറയുന്നത്. 1000 ബ്രിട്ടീഷ് സൈനികരെ അണിനിരത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നതെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് പറഞ്ഞു.
ഇന്നലെ ഒരു ദിവസത്തിനകം 19,000 പേരെ കാബൂളില്‍ നിന്നും പുറത്തെത്തിച്ച് അമേരിക്കന്‍ വ്യോമസേന ശക്തമായ നീക്കമാണ് നടത്തുന്നത്. അമേരിക്കയുടെ 1500 പേരടങ്ങുന്ന കമാന്റോ സൈന്യമാണ് കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷ നോക്കുന്നത്. ഇവര്‍ക്കൊപ്പം മറ്റ് ലോകരാജ്യങ്ങളുടെ രണ്ടായിരത്തിനടുത്ത് വരുന്ന സൈനികരും അവരവരുടെ രാജ്യത്തെ പൗരന്മാരെ രക്ഷപെടുത്താനായി വിമാനത്താവളത്തിലുണ്ട്.