കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്തരയുടെ മകൻറെ പേര് മാറ്റി. പിതാവും ബന്ധുക്കളും നൽകിയ ധ്രുവ് എന്ന പേരാണ് ഉത്തരയുടെ മാതാപിതാക്കൾ മാറ്റിയത്. ആർജവ് എന്നാണ് പുതിയ പേര്.
ഉത്തരയുടെ പിതാവ് വിജയസേനനാണ് പേരുമാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ ലോകത്ത് ജീവിക്കാൻ ആർജവം വേണം. അതിനാലാണ് പേരമകന് ആ പേര് തന്നെ നൽകിയതെന്ന് വിജയസേനൻ പറഞ്ഞു.
നേരത്തേ പിതാവ് സൂരജിൻറെ കുടുംബം ആർജവിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്തരയുടെ സ്വത്തിൽ അവകാശം ഉന്നയിക്കാനാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകി. തുടർന്ന് ബാലാവകാശ കമീഷൻ ഇടപെടുകയും ആർജവിനെ ഉത്തരയുടെ കുടുംബത്തിന് കൈമാറുകയുമായിരുന്നു.
മാതാവ് ഇല്ലാത്തതിൻറെ കുറവ് അറിയാക്കാതെയാണ് മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും ആർജവിനെ ഇപ്പോൾ നോക്കിവളർത്തുന്നത്.
വിഷപാമ്ബിനെ വിട്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസിൽ ഉത്തരയുടെ ഭർത്താവ് സൂരജ് ജയിലിലാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഉത്തര ഉറങ്ങുമ്ബോൾ വിഷപാമ്ബിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു സൂരജ്.