കൊല്ലം: ഉത്ര വധക്കേസിൽ കൊലപാതകം നടന്നത് സ്വത്തിന് വേണ്ടിയാണെന്ന്, ഭർത്താവ് സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ നിരത്തി കോടതിയിൽ പ്രോസിക്യൂഷന്റെ അന്തിമ ഘട്ട വാദം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് വിചാരണയുടെ അവസാന ഘട്ടത്തിൽ പ്രോസിക്യൂഷൻ നിലപാട്. ഇതിനായി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നതിന് പിന്നിലെ ആസൂത്രണം വെളിവാക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകളാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ നിരത്തിയത്.
അപൂർവങ്ങളിൽ അപൂർവമായ കേസായി ഉത്ര വധക്കേസ് പരിഗണിക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഉന്നയിക്കുന്നത്. കേസിൽ ഈ മാസം അവസാന വാരത്തോടെ വിധി പ്രഖ്യാപനം ഉണ്ടായേക്കും.
സർപ്പ ശാസ്ത്രജ്ഞൻ മവീഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർ കിഷോർ കുമാർ, ഫൊറൻസിക് വിദഗ്ധ ഡോക്ടർ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേത് കൊലപാതകമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.
കിടപ്പ് മുറിയിലേക്ക് ചുവരിലൂടെ മൂർഖൻ പാമ്പ് കയറിയെന്ന സൂരജിൻറെ വാദവും ശാസ്ത്രീയമായി നിലിനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കേസിൽ മാപ്പ് സാക്ഷിയായി പ്രഖ്യാപിക്കപ്പെട്ട പാമ്പ് പിടുത്തക്കാരൻ സുരേഷിൻറെ മൊഴിയും സൂരജിൻറെ വാദങ്ങളെ ദുർബലമാക്കി. സൂരജിനെ വിഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്.