‘ വാക്സിൻ എടുത്തവര്‍ അപകടാവസ്ഥയിലല്ല, പാര്‍ശ്വഫലമുണ്ടാവുക 10 ലക്ഷത്തില്‍ ഏഴോ എട്ടോ പേര്‍ക്ക് മാത്രം’

May 3, 2024
47
Views

കോവിഷീല്‍ഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച്‌ ആദ്യമായി തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനെക്ക കമ്ബനി രംഗത്തെത്തിയത് വാർത്തയായിരുന്നു.

യു.കെ. ഹൈക്കോടതിക്ക് മുമ്ബാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്സിൻ അപൂർവസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്ബനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്നാണ് കമ്ബനി മറുപടി നല്‍കിയത്. കമ്ബനിയുടെ തുറന്നുപറച്ചില്‍ ആശങ്കള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്നാണ് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ പറയുന്നത്. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തു ലക്ഷത്തില്‍ ഏഴോ എട്ടോ വ്യക്തികളില്‍ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറയുന്നു. വാക്സിന്റെ ആദ്യഡോസ് എടുക്കുമ്ബോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്ബോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്ബോഴേക്കും തീരെ കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. വാക്സിന്റെ പാർശ്വഫലം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളില്‍ പ്രകടമാവുമെന്നും ഡോ. രാമൻ പറഞ്ഞു. ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിൻ അവതരിപ്പിച്ച്‌ ആറുമാസത്തിനുള്ളില്‍ത്തന്നെ ടി.ടി.എസ്. എന്ന അപൂർവ പാർശ്വഫലത്തേക്കുറിച്ച്‌ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴത്തേത് പുതിയ വിവരമല്ല. അടിയന്തര സാഹചര്യങ്ങളില്‍ ഗുണദോഷഫലങ്ങള്‍ സംബന്ധിച്ച പഠനം നടത്തുകയും ഗുണവശങ്ങള്‍ ദോഷവശങ്ങളേക്കാള്‍ വളരെയധികം കൂടുതലാണെന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. ഈ കേസിലും ദോഷത്തേക്കാള്‍ കൂടുതല്‍ ഗുണമായിരുന്നു- ഡോ. രാമൻ പറയുന്നു.

യു.കെയില്‍നിന്നുള്ള ജാമി സ്കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങള്‍ ഉയർന്നത്. 2021 ഏപ്രിലില്‍ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനല്‍കിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്. തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്ബിലെത്തിയ പരാതിയില്‍ വളരെ അപൂർവമായ കേസുകളില്‍ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്ന് കമ്ബനി മറുപടി നല്‍കിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേല്‍പ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കില്‍ക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്ബനി പറയുകയുണ്ടായി. എന്നാല്‍, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.

എന്താണ് ടി.ടി.എസ് ?

ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്ലെറ്റുകള്‍ അപകടകരമായ രീതിയില്‍ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകള്‍, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളില്‍ വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *