തിരുവനന്തപുരം- ബംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കും. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന രണ്ട് പൂനെ ട്രെയിനുകളില്‍ ഒന്ന് കോട്ടയത്തേയ്‌ക്ക് നീട്ടാനും ധാരണയായി.
ഇന്നലെ സമാപിച്ച റെയില്‍വേ ഓള്‍ ഇന്ത്യ ടൈംടേബിള്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍. മുംബൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സര്‍വീസിനും യോഗം അംഗീകാരം നല്‍കി. സെന്‍ട്രല്‍ റെയില്‍വേ പ്രതിദിന സര്‍വീസാണ് ശുപാര്‍ശ ചെയ്തിരുന്നത്.
ജയ്പൂരില്‍ മൂന്നു ദിവസമായാണ് റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി യോഗം നടന്നത്. പുതിയ ട്രെയിനുകളും സൗകര്യപ്രദമായ സമയമാറ്റങ്ങളും മറ്റും ഈ യോഗത്തിലാണ് തീരുമാനിക്കുക. ദക്ഷിണ റെയില്‍വേയില്‍ കേരളത്തിലുള്ള എല്ലാ ഡിവിഷനുകളും ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ട്രെയിന്‍ കടന്നു പോകുന്ന സോണുകളുടെ താല്പര്യങ്ങള്‍ കൂടെ കണക്കിലെടുത്താണ് തീരുമാനങ്ങള്‍. ടൈം ടേബിള്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ ഇനി റെയില്‍വേ ബോര്‍ഡിന് അംഗീകാരത്തിനായി കൈമാറും.