ഷാളുപയോഗിച്ച്‌ ജീവനോടെ കെട്ടിത്തൂക്കി, പീഡനത്തിനിരയാക്കുന്നതിനിടെ കുട്ടി ബോധരഹിതയായി; തെളിവെടുപ്പ് നടത്തി

July 6, 2021
141
Views

വണ്ടിപ്പെരിയാര്‍: ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനുപിന്നാലെ, കുട്ടിയോട് കാട്ടിയ കൊടുംക്രൂരത വിവരിച്ച്‌ പ്രതി അര്‍ജുന്‍.

വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പ്രതി കുട്ടിയെ രണ്ടുവര്‍ഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞമാസം 30-നാണ് എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാളുപയോഗിച്ച്‌ കുട്ടിയെ പ്രതിയായ അര്‍ജുന്‍(21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്.

കൃത്യം നടന്ന ദിവസം ലയത്തിലുള്ള ആണ്‍കുട്ടികള്‍ മുഴുവന്‍ മുടി വെട്ടുന്നതിനായി ലയത്തിന്റെ മറുവശത്ത് ഒത്തുചേര്‍ന്നിരുന്നു. ഇതിനിടയില്‍ ആരുമറിയാതെ കുട്ടിയുടെ അടുത്തെത്തിയ അര്‍ജുന്‍, വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കി. ബലമായി പീഡനത്തിനിരയാക്കുന്നതിനിടെ കുട്ടി ബോധരഹിതയായി നിലത്തുവീണു. പരിഭ്രാന്തനായ അര്‍ജുന്‍ കട്ടിലില്‍ കിടന്ന ഷാളുപയോഗിച്ച്‌ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ പിടച്ച്‌ കണ്ണ് പുറത്തേക്ക്‌ തള്ളിവന്നെങ്കിലും മരിക്കുന്നതുവരെ അര്‍ജുന്‍ അവിടെ നിന്നു. പിന്നീട് കുട്ടിയുടെ കണ്ണുകള്‍ തിരുമ്മിയടച്ചശേഷം ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ലയത്തിനുപിന്നിലെ ചെറിയ ജനാലയിലൂടെ പുറത്തുകടന്നു. ഒന്നുമറിയാത്തപോലെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു.

അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം അറിയുന്നത്. കൊലപാതകം നടത്തിയ ദിവസം കുട്ടിയെ താന്‍ കണ്ടിരുന്നില്ലെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, സമീപവാസിയായ യുവതി, അന്ന് ഉച്ചയ്ക്കുശേഷം അര്‍ജുന്‍ കുട്ടിയുമായി വീട്ടിലിരിക്കുന്നത് കണ്ടതായി മൊഴി നല്‍കി. ഇതോടെയാണ് സംശയം തോന്നിയ പോലീസ് അര്‍ജുനെ വീണ്ടും വിളിച്ച്‌ ചോദ്യംചെയ്തത്. മൊഴികള്‍ മാറ്റിമാറ്റി പറയാന്‍ തുടങ്ങിയ അര്‍ജുന്‍, ഒടുവില്‍ താനാണ് കൊലപാതകം ചെയ്തതെന്ന് സമ്മതിച്ചു.

പ്രതിയെ തെളിവെടുപ്പിനായി ലയത്തില്‍ വന്‍ പോലീസ്‌ സുരക്ഷയിലാണ് എത്തിച്ചത്. നാട്ടുകാര്‍ അക്രമാസക്തരായതോടെ വേഗം തെളിവെടുപ്പ് നടത്തി പോലീസ്‌സംഘം മടങ്ങി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *