‘അഞ്ച് വര്‍ഷമായി ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല’; ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട വരുണ്‍ ഗാന്ധി

October 8, 2021
240
Views

ന്യൂഡല്‍ഹി: ലഖിംപുര്‍ കൂട്ടക്കൊലക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തില്‍ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച്‌ ബിജെപി എംപി വരുണ്‍ ഗാന്ധി.

“കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതിയോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല. താന്‍ അതില്‍ ഉണ്ടെന്നുപോലും തോന്നുന്നില്ല .” പ്രമുഖ വാര്‍ത്താ ഏജന്‍സിയോടാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.

ലഖിംപുര്‍ ഖേരി സംഭവത്തില്‍ വിഡിയോ അടക്കം പുറത്ത് വിട്ട് രൂക്ഷ വിമര്‍ശനമുന്നയിച്ച എം.പി. വരുണ്‍ഗാന്ധി, മുന്‍ കേന്ദ്രമന്ത്രിയും എം.പി.യുമായ മേനകാ ഗാന്ധി, മുന്‍മന്ത്രി ബീരേന്ദ്ര സിങ് എന്നിവരെ ഒഴിവാക്കി ബി.ജെ.പി. എണ്‍പതംഗ ദേശീയ നിര്‍വാഹകസമിതിയെ കഴിഞ്ഞദിവസമാണ് തിരഞ്ഞെടുത്തത്. ലഖിംപുര്‍ ഖേരി സംഭവത്തില്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നതാണ് വരുണ്‍ ഗാന്ധിയെ ഒഴിവാക്കാന്‍ കാരണമായതെന്നാണ് സൂചന.

കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റും വീഡിയോയും മുഖേനയാണ് വരുണ്‍ വ്യാഴാഴ്ച പ്രതികരിച്ചത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശ്ശബ്ദരാക്കാനാകില്ലെന്നും നിരപരാധികളായ കര്‍ഷകരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും കര്‍ഷകന്റെ മനസ്സില്‍ അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സന്ദേശമെത്തും മുമ്ബ് നീതി ലഭ്യമാക്കണം എന്നായിരുന്നു ട്വിറ്ററിലൂടെ വരുണ്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത് .

ലഖിംപുര്‍ ഖേരിയില്‍കര്‍ഷക പ്രതിഷേധത്തിനിടെ അക്രമ സംഭവങ്ങളില്‍ കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്.

Article Categories:
Politics

Leave a Reply

Your email address will not be published. Required fields are marked *