16 പേരെ താമസിപ്പിക്കേണ്ടിടത് 43 പേർ: വൈത്തിരി സബ് ജയിലിലെ 26 തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

October 25, 2021
95
Views

കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യല്‍ സബ് ജയിലില്‍ പകുതിയിലധികം പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. എട്ട് സെല്ലുകളിലായി രണ്ട് പേര്‍ വീതം 16 പേരെയാണ് താമസിപ്പിക്കേണ്ടതെങ്കിലും 43 തടവുകാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 26 പേര്‍ക്കാണ് കൊറോണ പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റുള്ളവരില്‍ നിരവധി പേര്‍ക്ക് രോഗലക്ഷണമുണ്ട്. സാധാരണ നിലയില്‍ തന്നെ അസൗകര്യമുള്ള ജയിലില്‍ കൊറോണ കൂടി സ്ഥിരീകരിച്ചതോടെ തടവുകാരുടെ അവസ്ഥ ഏറെ പരിതാപകരമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച രണ്ടാള്‍ക്കും മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം പാര്‍പ്പിച്ചിരിക്കുന്നത്. ആകെയുള്ള എട്ട് മുറികളില്‍ ഒരെണ്ണം പാചകകാര്യങ്ങള്‍ നോക്കുന്ന തടവുകാര്‍ക്ക് താമസിക്കാനുള്ളതാണ്. ഒരെണ്ണം പുതുതായി വരുന്നവര്‍ക്കും മറ്റൊരെണ്ണം കൊറോണ പോസിറ്റിവായി എത്തുന്നവര്‍ക്കും നല്‍കാറുണ്.

ബാക്കി അഞ്ച് സെല്ലുകളിലാണ് നിരവധി തടവുകാരെ തിരുകി കയറ്റിയിരിക്കുന്നത്. സെല്ലുകളെല്ലാം ഒന്ന് മറ്റൊന്നിനോട് തൊട്ടുരുമിയാണെന്നതിനാല്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ പകരാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം കൊറോണ പോസിറ്റീവായ തടവുകാരാണ് ജയിലില്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും ആരോപണമുണ്ട്.

43 പേര്‍ക്കായി ആകെ മൂന്ന് ശൗചാലയങ്ങളാണുള്ളത്. ജയിലിലെ അസൗകര്യങ്ങള്‍ക്ക് പുറെ കൊറോണ കാലത്തെ പ്രതിസന്ധികള്‍ ബന്ധപ്പെട്ടവരെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. മാനന്തവാടി ജില്ലാ ജയിലില്‍ ഒരേ സമയം 200 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ ഇവിടെ 70 തടവുകാര്‍ മാത്രമാണുള്ളത്.

ജില്ലാ ജിയിലില്‍ സൗകര്യമുണ്ടായിട്ടും കൊറോണ കാലത്ത് പോലും ഇത് ഉപയോഗപ്പെടുത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. മാനന്തവാടിയില്‍ സൂപ്രണ്ടിന് പുറമെ 17 അസി. പ്രിസണ്‍ ഓഫീസര്‍മാരും ആറ് ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍മാരുമുണ്ട്. വൈത്തിരിയില്‍ സൂപ്രണ്ടിനെ കൂടാതെ ഏഴ് എ.പി.ഒ, നാല് ഡി.പി.ഒ. എന്നിങ്ങനെ ആണ് ജീവനക്കാരുടെ കണക്ക്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *