കടക്കെണിയില്‍ ആത്മഹത്യയെങ്കിൽ ഉത്തരവാദി സർക്കാ‍ർ; കൊവിഡിൽ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് നിലപാടോ? സതീശൻ

July 15, 2021
154
Views

തിരുവനന്തപുരം: കടക്കെണിയില്‍പ്പെട്ട് സംസ്ഥാനത്ത് ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ ഇതുപോലെ കടക്കെണിയില്‍പ്പെട്ടു പോയ കാലമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിനും മുന്‍പും ശേഷവും കൊവിഡ് വിഷയത്തില്‍ രണ്ട് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദഗ്ദരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് അനാവശ്യമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം. കൊവിഡുമായി ബന്ധപ്പെട്ട പാക്കേജ് പ്രഖ്യാപിക്കണമെന്നും വായ്പാ റിക്കവറി നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളുടെ യോഗം വിളിക്കാന്‍ തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അശാസ്ത്രീയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളും തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു ശേഷം കൊവിഡ് ശക്തമായിട്ടും ബാങ്കുകളുടെ യോഗം വിളിക്കാനോ മൊറട്ടോറിയം പ്രഖ്യാപിക്കാനോ തയാറായിട്ടില്ല. സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും നാലും അഞ്ചും മാസം പണം അടയ്ക്കാത്തതിന് വീടുകള്‍ക്കു മുന്നില്‍ റിക്കവറി നോട്ടീസ് പതിപ്പിച്ചിരിക്കുകയാണ്. വട്ടിപ്പലിശക്കാര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു. ഇതൊന്നും ഈ സര്‍ക്കാര്‍ കാണുന്നില്ലേ? തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യം ആന്വേഷിച്ചിട്ടില്ല. ടി.പി.ആര്‍ നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിലും ലോക്ക് ഡൗണ്‍, ട്രിപ്പിള്‍ ലോക്ക് ഡൗണുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചുകൊണ്ടാണ് കേരളത്തിനു മീതെ നിയന്ത്രങ്ങള്‍ നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Article Tags:
Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *