വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല, പ്രചരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി

July 23, 2021
126
Views

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത കാലത്തായി കൂടുതല്‍ വാക്‌സിന്‍ വന്നത് ജൂലൈ 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി ആകെ 11.99 ലക്ഷം ഡോസ് വാക്‌സിനുകളാണ് എത്തിയത്. എന്നാല്‍ 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആള്‍ക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും വ്യാഴാഴ്ച 2.8 ലക്ഷം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും ആര്‍ക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്‌സിന്‍ നല്‍കുന്നതെന്ന്. ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് ഒട്ടും നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം. വാക്‌സിന്‍ സംസ്ഥാനത്തെത്തിയാല്‍ അതെത്രയും വേഗം താഴെത്തട്ടിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്.

കുറഞ്ഞ അളവില്‍ വാക്‌സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകളും നല്‍കാന്‍ കഴിയുന്നില്ല. കിട്ടുന്ന വാക്‌സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുന്നതാണ്. അതിനാലാണ് സംസ്ഥാനം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച്‌ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *